കശ്മീര്‍ പ്രമേയം മോ​ദി സർക്കാരിന്റെ വീഴ്ച; രാജ്യ താത്പര്യം അടിയറവച്ചു; ആരോപണവുമായി കോൺ​ഗ്രസ്

ഒഐസി സമ്മേളനത്തിൽ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം കൊണ്ടുവന്നതു നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്
കശ്മീര്‍ പ്രമേയം മോ​ദി സർക്കാരിന്റെ വീഴ്ച; രാജ്യ താത്പര്യം അടിയറവച്ചു; ആരോപണവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: അബുദാബിയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒഐസി) സമ്മേളനത്തിൽ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം കൊണ്ടുവന്നതു നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. കശ്മീരിലെ ജനങ്ങളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഒഐസി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. 

പ്രമേയം ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരവാദത്തെ’ അപലപിച്ചുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നതായും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി വ്യക്തമാക്കി. ഒഐസി സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ രാജ്യ താത്പര്യം അടിയറവച്ചു. പാക് അധിനിവേശ കശ്മീരില്‍ വ്യോമസേന ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന്റെ തെളിവ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതു മോദി തന്നെയാണ്. റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന പ്രസ്താവന അതിന്റെ തെളിവാണെന്നും മനീഷ് തീവാരി പറഞ്ഞു. 

കഴിഞ്ഞ വർഷമാണു കശ്മീരിൽ ഏറ്റവുമധികം അക്രമങ്ങളും കൊലപാതകങ്ങളും നടന്നത്. ജനതയുടെ മനുഷ്യാവകാശങ്ങൾ തടയുകയാണെന്നും കശ്മീരിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ പ്രവേശിക്കാൻ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. 

എന്നാൽ പ്രമേയത്തെ ഇന്ത്യ തള്ളിയിരുന്നു. കശ്മീർ ആഭ്യന്തര വിഷയമാണെന്നും പുറത്തു നിന്നുള്ളവർ ഇടപെടേണ്ടതില്ലെന്നുമാണ് ഇന്ത്യ നിലപാടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com