മഹാസഖ്യത്തിന് കരുത്തേകി ഒരു പാര്‍ട്ടി കൂടി ; ആര്‍എല്‍ഡിയുമായി ധാരണ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി കൂടി എസ്പി- ബിഎസ്പി മഹാസഖ്യത്തില്‍ ചേര്‍ന്നു
മഹാസഖ്യത്തിന് കരുത്തേകി ഒരു പാര്‍ട്ടി കൂടി ; ആര്‍എല്‍ഡിയുമായി ധാരണ

ലക്‌നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി കൂടി എസ്പി- ബിഎസ്പി മഹാസഖ്യത്തില്‍ ചേര്‍ന്നു. മുന്‍കേന്ദ്രമന്ത്രി അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളാണ് മഹാസഖ്യത്തില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയുമാണ് ഇക്കാര്യം അറിയിച്ചത്. 

മൂന്നു സീറ്റിലാകും ആല്‍എല്‍ഡി മല്‍സരിക്കുക. രണ്ട് സീറ്റുകള്‍ നല്‍കുമെന്ന് അഖിലേഷും മായാവതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന ഒരു സീറ്റ് സമാജ് വാദി പാര്‍ട്ടി തങ്ങളുടെ അക്കൗണ്ടില്‍ നിന്നും നല്‍കാനാണ് ധാരണയായിട്ടുള്ളത്. മഹാസഖ്യത്തിന്റെ വിജയത്തിനായി ആര്‍എല്‍ഡി പരിശ്രമം നടത്തുമെന്ന് സഖ്യതീരുമാനം പ്രഖ്യാപിച്ച് ജയന്ത് ചൗധരി പറഞ്ഞു. 

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ബാഗ്പതില്‍ മല്‍സരിക്കുമെന്ന് ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയന്ത് ചൗധരി മധുരയില്‍ നിന്നാകും ജനവിധി തേടുക. 

ആര്‍എല്‍ഡിയെ കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്തിയതോടെ, എസ്പി മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 37 ആയി ചുരുങ്ങി. ബിഎസ്പി 38 സീറ്റുകളില്‍ മല്‍സരിക്കും. ആകെ 80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com