ഭര്‍ത്താവിന്റെ ശവസംകാരത്തിന് വാങ്ങിയ കടം തിരിച്ചടക്കാനായില്ല: യുവതി മകനെ പണയംവെച്ചു

ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് പണം കടം വാങ്ങിയത്.
ഭര്‍ത്താവിന്റെ ശവസംകാരത്തിന് വാങ്ങിയ കടം തിരിച്ചടക്കാനായില്ല: യുവതി മകനെ പണയംവെച്ചു

തഞ്ചാവൂര്‍: പട്ടിണിയും ദാരിദ്ര്യവുമാണ് ഇന്ത്യയുടെ വലിയ പ്രശ്‌നമെന്ന് തെളിയിക്കുന്ന ദാരുണമായ സംഭവങ്ങള്‍ വീണ്ടും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കടം വാങ്ങിയ 36000 രൂപ തിരിച്ചടയ്ക്കാന്‍ കഴിയാതെ ആയപ്പോള്‍ പത്തു വയസുകാരനെ അമ്മ പണയം വെച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.

ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് പണം കടം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മ മകനെ ഒരു വ്യാപാരിക്ക് പണയം വയ്ക്കുകയായിരുന്നു. മഹാലിംഗം എന്ന ഒരു വ്യാപാരിക്കാണ് യുവതി മകനെ പണയം വെച്ചത്.

ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനും കൂടിയാണ് യുവതി മഹാലിംഗ എന്നയാളില്‍ നിന്ന് പണം കടം വാങ്ങിയത്. 36,000 രൂപയാണ് കടം വാങ്ങിയത്. എന്നാല്‍ പണം തിരിച്ച് നല്‍കാന്‍ കഴിയാതെയായപ്പോള്‍ കരാര്‍ ജോലി ചെയ്യുന്നതിനായി മകനെ മഹാലിംഗത്തിന് പണയം വെച്ചു. 

എന്നാല്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി മഹാലിംഗത്തില്‍ നിന്നും കുട്ടിയെ മോചിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പത്ത് വയസുകാരന്‍ ജോലി ചെയ്യുന്നുണ്ടെന്ന നോണ്‍പ്രോഫിറ്റ് സംഘടനയുടെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.     
 
അഞ്ചാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തിയ കുട്ടി ആട് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഇരുന്നൂറോളം ആടുകളെ പരിപാലിക്കുന്ന കുട്ടിക്ക് കഴിഞ്ഞ രണ്ട് മാസമായി ഒരുനേരം മാത്രമാണ് ആഹാരം നല്‍കുന്നത്. അതും ഒരു പാത്രം കഞ്ഞി. 24 മണിക്കൂറും ആടിനെ പരിപാലിക്കേണ്ടതിനാല്‍ ഫാമില്‍ തന്നെയാണ് കുട്ടി ഉറങ്ങാറ്. കുട്ടിയെ തഞ്ചാവൂരിലെ ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയതായും നോണ്‍പ്രോഫിറ്റ് സംഘടനയുടെ മേധാവിയായ പാര്‍ഥിമ രാജ് പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com