നീരവ് മോദിക്ക് 'നന്ദി' പറഞ്ഞ് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; അബദ്ധം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്
നീരവ് മോദിക്ക് 'നന്ദി' പറഞ്ഞ് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; അബദ്ധം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ന്യൂഡല്‍ഹി: വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ബിജെപിയുടെ പുതിയ 'മേം ഭീ ചൗകിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) ക്യാമ്പെയ്‌നില്‍ പങ്കെടുത്തതിന് നീരവ് മോദിയോട് നരേന്ദ്രമോദി നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് വൈറലായിക്കഴിഞ്ഞു. ഇത് പ്രതിപക്ഷം വ്യാപകമായി ഉയര്‍ത്തിക്കാട്ടുകയാണ്. 

വിവാദ വജ്രവ്യാപാരിയും സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും ലഭിച്ച ട്വീറ്റിനാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ നിന്ന് ഓട്ടോമേറ്റഡ് മെസേജ് പോയത്. ഇക്കാര്യം മനസ്സിലാക്കാതെ പലരും ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗകീദാര്‍ ചോര്‍ ഹെ) എന്ന പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് ശനിയാഴ്ച രാവിലെ  'മേം ഭീ ചൗകിദാര്‍' ക്യാമ്പെയ്‌നുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. 

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തടയിടാന്‍ രാജ്യത്തിന് വേണ്ടി പണിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ് എന്ന് ക്യാമ്പയിനിലൂടെ മോദി പറഞ്ഞു. വീഡിയോകളും പോസ്റ്ററുകളുമായി ക്യാമ്പയിനെ ട്രെന്‍ഡിംഗായി മാറ്റാനുള്ള പ്രചാരക സംഘത്തിന്റെ പരിശ്രമങ്ങള്‍ക്കിടെയാണ് അബദ്ധം സംഭവിച്ചത്. 

പുതിയ ക്യാമ്പെയ്‌നിന് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായി, MainBhiChaukidar എന്ന ഹാഷ് ടാഗ് ഉപയോഗിക്കുന്നവരുടെ പേര് പരാമര്‍ശിച്ച്  മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 'താങ്ക് യൂ' എന്ന് ഓട്ടേമേറ്റഡ് മെസേജ് നല്‍കാനും തുടങ്ങി. ഇതിനിടെ നീരവ് മോദിയുടെ പേരില്‍ ആരോ തുടങ്ങിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോദിയുടെ ട്വിറ്ററിലേക്ക് സന്ദേശം പോയി. ഇത് മനസ്സിലാക്കാതെ നീരവ് മോദിയുടെ സന്ദേശത്തിനും പ്രധാനമന്ത്രിയുടെ നന്ദി ലഭിക്കുകയായിരുന്നു. 

ഇതിനിടെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. അബദ്ധം മനസ്സിലായതോടെ മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് തന്നെ പിന്‍വലിച്ചു. പക്ഷേ, സ്‌ക്രീന്‍ഷോട്ടുകളായി ട്വീറ്റ്  വൈറലായിരിക്കുകയാണ്. 

പ്രധാനമന്ത്രി ട്വീറ്റ് പിന്‍വലിച്ചെങ്കിലും, നീരവ് മോദിയുടെ ട്വിറ്ററില്‍ നിന്നും അടുത്ത സന്ദേശവും മോദിയുടെ ട്വിറ്ററിലേക്കെത്തി. 'സര്‍ താങ്കള്‍ (പ്രധാനമന്ത്രി) എന്റെ ബാങ്ക്‌ലോണ്‍ എഴുതിത്തള്ളിയെന്ന് ഞാന്‍ കരുതിക്കോട്ടെ' എന്നായിരുന്നു ട്വീറ്റ്! ഇതും രാഷ്ട്രീയ എതിരാളികള്‍ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com