കുട്ടിപ്പാവാട ഇടരുത്, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കരുത് ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കുലറുമായി കോളെജ്, പ്രതിഷേധം വ്യാപകം

കോളെജ് സദാചാരപ്പൊലീസിങാണ് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പാദം വരെയെത്തുന്ന വസ്ത്രം ധരിച്ച് മുഖം മൂടിയാണ് കോളെജ് സര്‍ക്കുലറിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 
കുട്ടിപ്പാവാട ഇടരുത്, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കരുത് ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കുലറുമായി കോളെജ്, പ്രതിഷേധം വ്യാപകം

മുംബൈ: കോളെജില്‍ പെണ്‍കുട്ടികള്‍ ചെറിയ പാവാട ഇട്ട് വരുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുംബൈ ജെജെ ഹോസ്പിറ്റലിന്റെ കീഴിലുള്ള 'ഗ്രാന്റ് മെഡിക്കല്‍ കോളെജാ'ണ് വിദ്യാര്‍ത്ഥിനികള്‍ക്കായി പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

കുട്ടിപ്പാവാട ഇട്ട് കോളെജിലേക്ക് വരേണ്ട, ആണ്‍കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്ന് ഇരിക്കരുത്, രാത്രി 10 മണിക്ക് മുമ്പായി ഹോസ്റ്റലില്‍ തിരികെ കയറണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ഹോളി ആഘോഷം കഴിഞ്ഞതിന് പിന്നാലെ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 

കോളെജ് സദാചാരപ്പൊലീസിങാണ് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ് അതില്‍ കൈകടത്തുന്നത് ശരിയല്ലെന്നും കുട്ടികള്‍ പറയുന്നു. പാദം വരെയെത്തുന്ന വസ്ത്രം ധരിച്ച് മുഖം മൂടിയാണ് കോളെജ് സര്‍ക്കുലറിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 

കോളെജ് ഡീന്‍ ആയ ഡോക്ടര്‍ അജയ് ചന്ദന്‍വാലയും വാര്‍ഡന്‍ ശില്‍പാ പാട്ടീലും ചേര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പ്രതിഷേധത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പെണ്‍കുട്ടികളില്‍നിന്ന് മാന്യമായ വസ്ത്രധാരണമാണ് പ്രതീക്ഷിക്കുന്നതെന്നും അത്ര മാത്രമേ തനിക്ക് പറയാനുള്ളതെന്നുമായിരുന്നു കോളെജ് അധികൃതരുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com