ഈ തെളിവുകള്‍ പോരാ ; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്ഥാന്‍ തള്ളി

ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇന്ത്യ നല്‍കിയ തെളിവുകളും രേഖകളും മതിയാകില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി
ഈ തെളിവുകള്‍ പോരാ ; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്ഥാന്‍ തള്ളി

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്ഥാന്‍ തള്ളി. ആക്രമണത്തില്‍ പാകിസ്ഥാന്റെ ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ല. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇന്ത്യ നല്‍കിയ തെളിവുകളും രേഖകളും മതിയാകില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവ പാകിസ്ഥാന്റെ നിലപാട് അറിയിച്ചത്. കൂടുതല്‍ ശക്തവും വ്യക്തവുമായ രേഖകളും തെളിവുകളും നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. 

പുല്‍വാമ ഭീകരാക്രമണത്തെ 'സംഭവം' എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. പുല്‍വാമ സംഭവത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയതായി പാക് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഫെബ്രുവരി 14 നായിരുന്നു 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. 

ഫെബ്രുവരി 27 ന് ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനിലുള്ള ജെയ്‌ഷെ മുഹമ്മദാണെന്ന് വ്യക്തമാക്കുന്ന രഹസ്യരേഖകളും തെളിവുകളും അടക്കം ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്റെ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കൈമാറുകയായിരുന്നു. ഇന്ത്യ തെളിവുകള്‍ നല്‍കിയാല്‍ സഹകരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com