നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; മൻമോഹൻ സിങ്

അഞ്ച് വര്‍ഷത്തെ ഭരണം മോദിക്ക് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; മൻമോഹൻ സിങ്

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഭരണം മോദിക്ക് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കനത്ത നാശം വിതയ്ക്കുകയും യുവാക്കള്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കെല്ലാം ആഘാതമുണ്ടാക്കുകയും  ചെയ്യുന്നതായിരുന്നു മോദി ഭരണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും രാജ്യം കണ്ടത് ദുര്‍ഗന്ധം വമിക്കുന്ന അഴിമതികളാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. 

മോദിയുടെ പാക് നയത്തെയും മന്‍മോഹന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പക്കിസ്ഥാന്‍ ക്ഷണിക്കാതെ മോദി അവിടേക്കു പോയി ഐഎസ്ഐയെ പഠാന്‍കോട്ട് വ്യോമത്താവളം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ടുവന്നു. ആഭ്യന്തര സുരക്ഷാ വീഴ്ചയാണ് പുല്‍വാമ ആക്രമണത്തിലേക്ക് നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ സുരക്ഷ ശക്തമാക്കുന്നതിനായി അടിയന്തര യോഗം ചേരുന്നതിന് പകരം മോ​ദി ജിംകോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നുവെന്നും മൻമോഹൻ ആരോപിച്ചു.  

ഒരു കള്ളം നൂറു തവണ പറഞ്ഞാല്‍ അത് സത്യമാകില്ല. അതാണ് ദേശീയതയുടെ കാര്യത്തില്‍ മോദി ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ മാത്രം ഭീകരാക്രമണങ്ങളില്‍ 176 ശതമാനം വര്‍ധനയുണ്ടായി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ 1000 ശതമാനം വര്‍ധിച്ചു. സര്‍ക്കാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയല്ല പ്രവര്‍ത്തിച്ചത്, അവരുടെ രാഷ്ട്രീയ നിലനില്‍പ്പിനായിരുന്നു ശ്രമം. അത് ഏറ്റവുമധികം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതറിക്കൊണ്ടുമായിരുന്നു. അത് ഉടന്‍ തന്നെ മോദിക്ക് തന്റെ പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കും. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷവും നിരുത്തരവാദപരമായ ദുഷിച്ച ഭരണത്തിന്റെ ദുഃഖകഥയാണുള്ളത്. 

വൈവിധ്യം നിറഞ്ഞിരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. 130 കോടി ജനങ്ങളുടെയും ആവശ്യങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയില്ല. അവര്‍ നേരിടുന്ന പ്രശ്നങ്ങളേയും ഒറ്റക്ക് പരിഹരിക്കാന്‍ കഴിയില്ലെന്നും മൻമോഹ​ൻ സിങ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com