കോണ്‍ഗ്രസിന് തിരിച്ചടി ; മോദിക്കെതിരായ ഹര്‍ജികളില്‍ തുടര്‍നടപടിയില്ല ; പുതിയ ഹര്‍ജി നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം

പരാതികളില്‍ കമ്മീഷന്‍ തീരുമാനം എടുത്തുകഴിഞ്ഞ സാഹചര്യത്തില്‍ കോടതി ഇടപെടുന്നില്ല. കോണ്‍ഗ്രസിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്ന് കോടതി
കോണ്‍ഗ്രസിന് തിരിച്ചടി ; മോദിക്കെതിരായ ഹര്‍ജികളില്‍ തുടര്‍നടപടിയില്ല ; പുതിയ ഹര്‍ജി നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി : പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതി തീര്‍പ്പാക്കി. ക്ലീന്‍ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് പരാതിക്കാര്‍ക്ക് പുതിയ ഹര്‍ജി നല്‍കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ പരാതികളും കോടതിക്ക് പരിശോധിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. പരാതികളില്‍ കമ്മീഷന്‍ തീരുമാനം എടുത്തുകഴിഞ്ഞ സാഹചര്യത്തില്‍ കോടതി ഇടപെടുന്നില്ല. കമ്മീഷന്‍ തീരുമാനത്തില്‍ ഏതെങ്കിലും തരത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഇലക്ഷന്‍ പരാതിയായി പ്രത്യേകം ഹര്‍ജി നല്‍കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുസ്മിത ദേവാണ് കോടതിയെ സമീപിച്ചത്.  

ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ വിസമ്മതിച്ചുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മോദി, ഷാ എന്നിവര്‍ നടത്തിയതിന് സമാനമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു എന്ന് സുസ്മിത സത്യവാങ്മൂലത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com