തെരഞ്ഞെടുപ്പ് കഴിഞ്ഞു; നമോ ടിവി പൂട്ടിക്കെട്ടി

തെരഞ്ഞടുപ്പ് അവസാനിച്ച സ്ഥിതിക്ക് നമോ ടിവിയുടെ ആവശ്യമില്ലെന്നും പ്രചാരണത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു നമോ ടിവിയെന്നും ബിജെപി വൃത്തങ്ങള്‍ 
തെരഞ്ഞെടുപ്പ് കഴിഞ്ഞു; നമോ ടിവി പൂട്ടിക്കെട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിച്ച ബിജെപിയുടെ സ്‌പോണ്‍സര്‍ ചാനലായ നമോ ടിവി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിജെപി വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 17ന് ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച സ്ഥിതിക്ക് ഇത്തരമൊരു ചാനലിന്റെ ആവശ്യമില്ലെന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു നമോ ടിവിയെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു

2019 ലോക്‌സഭാ ഇലക്ഷന് മുമ്പ് മാര്‍ച്ച് 26നാണ് നമോ ടിവി പ്രവര്‍ത്തനം ആരംഭിച്ചത്. മോദിയുടെ അഭിമുഖങ്ങളും റാലികളും സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്ന നമോ ടിവിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.തെരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ ഡി.റ്റി.എച്ച് സേവനദാതാക്കള്‍ സൗജന്യമായി നമോ ടിവി ലഭ്യമാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നമോ ടിവി ഒരു അഡ്വടൈസ്‌മെന്റ് പ്ലാറ്റ്‌ഫോമാണെന്നും നടപടി എടുക്കാന്‍ ആവില്ലെന്നായിരുന്നു ഐ.ബി മന്ത്രാലയത്തില്‍ നിന്നും വന്ന മറുപടി.

നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ നമോ ടിവി സംപ്രേഷണത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു. അംഗീകാരമില്ലാതെ നമോ ടിവിയില്‍ യാതൊന്നും പ്രദര്‍ശിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com