ഇനി മന്‍മോഹന്‍ ഇല്ലാത്ത പാര്‍ലമെന്റ്? ; മുന്‍ പ്രധാനമന്ത്രിയുടെ രാജ്യസഭാംഗത്വം അനിശ്ചിതത്വത്തില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാംഗത്വം അനിശ്ചിതത്വത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാംഗത്വം അനിശ്ചിതത്വത്തില്‍. അസമില്‍നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ്ങിന്റെ കാലാവധി അടുത്ത മാസം 14ന് അവസാനിക്കുകയാണ്. രാജ്യസഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് ഇപ്പോള്‍ അസം നിയമസഭയില്‍ ഇല്ല.

മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ അസമില്‍നിന്നുള്ള രണ്ടു കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആരെയും സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്. 

126 അംഗ അസം നിയമസഭയില്‍ കോണ്‍ഗ്രസിന് 25 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ബിജെപിക്ക് 61ഉം സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് 14ഉം ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന് 12ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് 12 അംഗങ്ങളുള്ള എഐയുഡിഎഫുമായി ചേര്‍ന്നാപ്പോള്‍ പോലും രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിക്കാനാവില്ല. 

1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഡോ. മന്‍മോഹന്‍ സിങ്. ധനമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച കാലത്തെല്ലാം അസമില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ഇരുപത്തിയെട്ടു വര്‍ഷമായി ഉപരിസഭയില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളില്‍ ഒന്നായ ഡോ. സിങ്ങിന്റെ അംഗത്വം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു മറ്റേതെങ്കിലും സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരും. ബിഹാര്‍, ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് രാജ്യസഭയിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അംഗങ്ങളെ ജയിപ്പിക്കാനുള്ള അംഗബലമില്ല. തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ ഡിഎംകെയുടെ പിന്തുണയുണ്ടെങ്കില്‍ മന്‍മോഹന്‍ സിങ്ങിനെ വീണ്ടും രാജ്യസഭാംഗമാക്കാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com