രാഹുല്‍ ഒഴിയരുതെന്ന് മുസ്ലിം ലീഗും ഡിഎംകെയും; പാണക്കാട് തങ്ങള്‍ കത്തയച്ചു ; അനുനയിപ്പിക്കാന്‍ തീവ്രശ്രമം

കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തില്‍ നിന്നും മാറരുതെന്ന് ഡിഎംകെയും ആവശ്യപ്പെട്ടു
രാഹുല്‍ ഒഴിയരുതെന്ന് മുസ്ലിം ലീഗും ഡിഎംകെയും; പാണക്കാട് തങ്ങള്‍ കത്തയച്ചു ; അനുനയിപ്പിക്കാന്‍ തീവ്രശ്രമം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ അനുനയിപ്പിക്കാന്‍ സഖ്യകക്ഷികളും ഇടപെടുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാഹുല്‍ ഒഴിയരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. 

പ്രതിപക്ഷത്തെ രാഹുല്‍ നയിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തില്‍ നിന്നും മാറരുതെന്ന് ഡിഎംകെയും ആവശ്യപ്പെട്ടു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രാഹുല്‍ഗാന്ധിയെ ടെലഫോണില്‍ വിളിച്ചാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. 

കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നുള്ള രാഹുലിന്റെ രാജിസന്നദ്ധതയെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും വിമര്‍ശിച്ചു. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമാണ്. രാഹുല്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കണം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായാല്‍, ഗാന്ധി കുടുംബത്തിന്റെ  കയ്യിലെ കളിപ്പാവയെന്ന ആക്ഷേപം ഉയരും. രാഷ്ട്രീയ എതിരാളികള്‍ക്ക് രാഹുല്‍ എന്തിനാണ് ഇത്തരമൊരു വടി നല്‍കുന്നതെന്നും ലാലു ചോദിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. നെഹ്‌റു കുടംബത്തിന് വെളിയില്‍ നിന്നൊരാള്‍ പ്രസിഡന്റാകട്ടെ എന്നാണ് രാഹുല്‍ നിര്‍ദേശം വെച്ചത്. ഈ നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിയെങ്കിലും, രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ തമിഴ് നടന്‍ രജനീകാന്തും വിമര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com