മകന് നല്ലൊരു അച്ഛനാവണം, ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കണം; ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജി വച്ചു

കഴിഞ്ഞ വര്‍ഷം കൈലാസ് നാഥിലേക്ക് നടത്തിയ യാത്രയെ തുടര്‍ന്നാണ് രാജി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്
മകന് നല്ലൊരു അച്ഛനാവണം, ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കണം; ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജി വച്ചു

ബംഗളുരു: കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായി ഒന്‍പത് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍. ബംഗളുരു സൗത്ത് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ അണ്ണാമലെയാണ് സര്‍വീസില്‍ നിന്നും
രാജിവച്ചത്. മകന് നല്ലൊരു അച്ഛനാകുന്നതിനും ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിനുമാണ് രാജിയെന്ന് വികാര നിര്‍ഭരമായ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

 ആറ് മാസം നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. പൊലീസ് ഉദ്യോഗസ്ഥന്‍ നീതി നടപ്പാക്കുന്നയാള്‍ ആയത് കൊണ്ട് ദൈവത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവനാണ് എന്നാണ് താന്‍ കരുതിയിരുന്നത്. കടുത്ത സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുള്ളത് കൊണ്ട് പിഴവുകള്‍ വന്നിരിക്കാമെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ വര്‍ഷം കൈലാസ് നാഥിലേക്ക് നടത്തിയ യാത്രയെ തുടര്‍ന്നാണ് രാജി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന മധുകര്‍ ഷെട്ടി ആ യാത്രയില്‍ മരിച്ചിരുന്നു. ഇതോടെയാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിട്ട് സ്വസ്ഥമായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായത്. രാജി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയേനെയെന്നും ഇപ്പോള്‍ അത് ഒഴിവാക്കാനായെന്നും അണ്ണാമലൈ വ്യക്തമാക്കി. 

രാജി വച്ച് പോകുമ്പോള്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നും തനിക്കില്ലെന്നും മകന്റെ വളര്‍ച്ച കാണാനും അവനൊപ്പം സമയം ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്. ആറുമാസം പൂര്‍ണമായും വിശ്രമിച്ച ശേഷം കൃഷി ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടക കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് അണ്ണാമലൈ. അഴിമതിയോ, മറ്റ് ആരോപണങ്ങളോ കേള്‍പ്പിക്കാതെയാണ് നീണ്ട ഒന്‍പത് വര്‍ഷത്തെ പൊലീസ് വേഷം അദ്ദേഹം ഉപേക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com