ബ്ലേഡിന്റെ മൂര്‍ച്ചയില്‍ മരണം വിതറി മാഞ്ചാ നൂല്‍; കഴുത്തു മുറിഞ്ഞ് 3 വയസ്സുകാരന് ദാരുണാന്ത്യം; അറസ്റ്റ് 

ഗ്ലാസ് പൊടി ആവരണം ചെയ്ത പട്ടച്ചരടില്‍ കുരുങ്ങി 3 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
ബ്ലേഡിന്റെ മൂര്‍ച്ചയില്‍ മരണം വിതറി മാഞ്ചാ നൂല്‍; കഴുത്തു മുറിഞ്ഞ് 3 വയസ്സുകാരന് ദാരുണാന്ത്യം; അറസ്റ്റ് 

ചെന്നൈ: ഗ്ലാസ് പൊടി ആവരണം ചെയ്ത പട്ടച്ചരടില്‍ കുരുങ്ങി 3 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പിതാവിനൊപ്പം ബൈക്കിന്റെ മുന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെയാണ് അഭിനേശ്വര്‍ ദാരുണമായി മരിച്ചത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം. മാരകമായ ചരടില്‍ തീര്‍ത്ത പട്ടം പറത്തിയ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് ചെന്നൈയില്‍ കൊരുക്കുപേട്ടയിലെ മേല്‍പ്പാലം മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. വഴിവിളക്കില്‍ തൂങ്ങികിടന്നിരുന്ന മാഞ്ചാനൂലില്‍ കുട്ടി കുരുങ്ങുകയായിരുന്നു.കഴുത്തില്‍ ചുറ്റിയ നൂലില്‍ കുട്ടിക്ക് മാരകമായി പരിക്കുപറ്റി. ഉടനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനു പിന്നാലെ നോര്‍ത്ത് ചെന്നൈയില്‍ സിറ്റി പൊലീസ് വ്യാപകപരിശോധന നടത്തി. പലയിടത്തു നിന്നും നിരോധിച്ച ചൈനീസ് മാഞ്ചാ നൂലുകളും പട്ടങ്ങളും പിടിച്ചെടുത്തു. ഇവ വില്‍പനയ്ക്കുവച്ച വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. കാശിമേട്, നേതാജി നഗര്‍ എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന തുടരും. സൂറത്ത്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മാഞ്ചാ നൂല്‍ ചെന്നൈയില്‍ എത്തുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

എതിരാളിയുടെ പട്ടച്ചരടു വായുവില്‍വച്ച് തന്നെ അറുത്തു മുറിക്കാന്‍ സാധിക്കുമെന്നതിനാല്‍ പട്ടം പറത്തല്‍ മത്സരങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ബൈക്ക് യാത്രികരാണ് ഇരയാകുന്നവരില്‍ അധികവും. മാഞ്ചാ നൂല്‍ വെളിച്ചത്തില്‍ പോലും കാണാന്‍ പ്രയാസമാണ്. വേഗത്തിലെത്തുന്ന ബൈക്ക് യാത്രികരുടെ കഴുത്തില്‍ ചരടു കുരുങ്ങി ആഴത്തില്‍ മുറിവുണ്ടായി നിരവധി മരണങ്ങളാണ് ഇതിനോടകം സംഭവിച്ചത്.

പരിസ്ഥിതി പ്രശ്‌നങ്ങളും അപകടങ്ങളും മുന്‍നിര്‍ത്തി 2007ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ മാഞ്ചാ നൂലുകളുടെ വില്‍പനയും ഉപയോഗകവും നിരോധിച്ചിരുന്നു. എന്നാല്‍ വില്‍പനയും അപകടങ്ങളും തുടര്‍ന്നു.പട്ടം പറത്താന്‍ മാഞ്ചാനൂല്‍ ഉപയോഗിക്കരുതെന്നു 2012ല്‍ മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഗ്ലാസ് പൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്താണു ചൈനീസ് മാഞ്ചാ നൂല്‍ നിര്‍മിക്കുന്നത്. വലിഞ്ഞു നില്‍ക്കുന്ന മാഞ്ചാനൂലിന് ബ്ലേഡിന്റെ മൂര്‍ച്ച ഉണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com