മോദി വിഭാഗീതയുടെ തലവനെന്ന് എഴുതി; മാധ്യമപ്രവര്‍ത്തകന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്തത്.
മോദി വിഭാഗീതയുടെ തലവനെന്ന് എഴുതി; മാധ്യമപ്രവര്‍ത്തകന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. നരേന്ദ്രമോദിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്ത് ടൈം മാഗസിനില്‍ ലേഖനമെഴുതിയതിനാണ് ആതിഷ് തസീര്‍ എന്ന മാധ്യമപ്രവര്‍ത്തകന് നോട്ടീസ് അയച്ചിരിക്കുന്നത്. 

ആതിഷിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാനും നീക്കമുണ്ടെന്ന് ദേശീയ മാധ്യമമായ ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. 

2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍  വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളായി ആതിഷ് ചൂണ്ടിക്കാണിച്ചിരുന്നു. 

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ലണ്ടനില്‍ ജനിക്കുകയും ഇന്ത്യയില്‍ വളരുകയും ചെയ്തയാളാണ് ഇദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com