ഡൽഹി കോടതി വളപ്പിലെ സംഘർഷം : രണ്ട് ഐപിഎസുകാർക്കെതിരെ നടപടി ; സ്ഥലംമാറ്റി

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്
ഡൽഹി കോടതി വളപ്പിലെ സംഘർഷം : രണ്ട് ഐപിഎസുകാർക്കെതിരെ നടപടി ; സ്ഥലംമാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയിൽ നിന്നും ഇവരെ മാറ്റി. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഞ്ജയ് സിങിനെ ഗതാഗത വകുപ്പിലേക്കാണ് മാറ്റിയത്.  ഹരേന്ദര്‍ കുമാര്‍ സിങിനെ റെയില്‍വേ ഡിസിപി ആയും മാറ്റി നിയമിച്ചു.  റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പൊലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധവുമായി രം​ഗത്തെത്തി.

അഭിഭാഷകര്‍ പൊലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകര്‍ മര്‍ദിക്കുകയും ക്യാമറകള്‍ നശിപ്പിക്കുകയും മൊബൈലുകള്‍ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉന്നത ഐപിഎസ് ഉദ്യോ​ഗസ്ഥരായ സഞ്ജയ് സിങും ഹരേന്ദറും, സംഘർഷം ലഘൂകരിക്കാൻ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുക്കാൻ നിർദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com