എസ്‌സി/എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും

പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെറുക്കുന്നതിനുള്ള നടപടികള്‍ ഉദാരമാക്കിയ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും
എസ്‌സി/എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെറുക്കുന്നതിനുള്ള നടപടികള്‍ ഉദാരമാക്കിയ വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി മൂന്നംഗ ബെഞ്ച് അനുവദിച്ചു.

എസ്‌സി/എസ്ടി  പീഡന നിരോധന നിയമ പ്രകാരമുള്ള അറസ്റ്റിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 2018 മാര്‍ച്ച് ഇരുപതിനാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പടുവിച്ചത്. എസ് സി, എസ്ടി നിയമപ്രകാരം കേസെടുത്താല്‍ 'ഓട്ടോമാറ്റിക്' അറസ്റ്റ് നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നുമാണ് ജസ്റ്റിസ് എകെ ഗോയലും യുയു ലളിതും അടങ്ങിയ ബെഞ്ച് വിധിച്ചത്. പൊതു രംഗത്തുള്ളവരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അതാത് മേലധികാരികളില്‍നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും മുന്‍കൂര്‍ ജാമ്യത്തിന് അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

വിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ദലിത് സംഘടനകളും മറ്റു മനുഷ്യാവകാശ സംഘടനകളും വിധിക്കെതിരെ രംഗത്തുവന്നു. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം വര്‍ധിക്കാന്‍ ഇടവരുത്തുന്നതാണ് വിധിയെന്ന് ആക്ഷേപം ഉയര്‍ന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു.

പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ച് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍, എസ്ആര്‍ ഭട്ട് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിധി പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. നിയമത്തിനെതിരെ വിധി പുറപ്പെടുവിക്കാന്‍ 142-ാം വകുപ്പു പ്രകാരമുള്ള അധികാരം കോടതി വിനിയോഗിക്കരുതായിരുന്നെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

വിധി സമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും അതിനാല്‍ പുനപ്പരിശോധിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചത്. വിധിയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റ് ഇതിനകം തന്നെ നിയമം കൊണ്ടുവന്നിട്ടുള്ള സാഹചര്യത്തില്‍ പുനപ്പരിശോധന നിഷ്ഫലമായ ഒന്നാണെന്ന്, വിധിയെ അനുകൂലിക്കുന്ന കക്ഷിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള വിധി ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com