സുപ്രീം കോടതി വിധിച്ചിട്ടു പോലും ഗുജറാത്ത് സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല: ബില്‍ക്കിസ് ബാനുവിന്റെ കുടുംബം

സുപ്രീം കോടതി വിധിയെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ വിജയ് രൂപാനി സര്‍ക്കാരിന് രണ്ടു കത്തുകള്‍ അയച്ചു. അതിന് മറുപടി പോലും നല്‍കിയില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനു ശേഷം ഇന്നേവരെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ലെന്ന്, കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍. നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷവും സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് യാക്കൂബ് പറഞ്ഞു.

പതിനഞ്ചു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് ഏപ്രില്‍ പതിമൂന്നിനാണ്. ഇപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. ഇതുവരെ സര്‍ക്കാരില്‍നിന്ന് ആരും തങ്ങളെ ബന്ധപ്പെട്ടുപോലുമില്ലെന്ന് യാക്കൂബ് പറഞ്ഞു. 

സുപ്രീം കോടതി വിധിയെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ വിജയ് രൂപാനി സര്‍ക്കാരിന് രണ്ടു കത്തുകള്‍ അയച്ചു. അതിന് മറുപടി പോലും നല്‍കിയില്ല. ഇതിനു ശേഷമാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് യാക്കൂബ് പറഞ്ഞു. 

ബില്‍ക്കിബ് ബാനുവിന് നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിന് ഇന്നലെ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് ഇന്നലെ സുപ്രീം കോടതി വീണ്ടും നിര്‍ദേശിച്ചിരിക്കുന്നത്.  ഇനിയിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്നാണ് യാക്കൂബ് പറയുന്നത്. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരും. കഴിഞ്ഞ പതിനേഴു വര്‍ഷമായി ബില്‍ക്കിസ് ദുരിതമനുഭവിക്കുകയാണ്. എന്നാല്‍ ഒരിക്കലും പോരാട്ടവീര്യം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് യാക്കൂബ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com