'ജയ്ശ്രീറാം കൊലവിളിയാവുന്നു' ; അടൂര്‍, മണിരത്‌നം ഉള്‍പ്പെടെ 49 പേര്‍ക്കെതിരെ കേസ്

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ്
അടൂര്‍, മണിരത്‌നം
അടൂര്‍, മണിരത്‌നം

മുസാഫര്‍പുര്‍ (ബിഹാര്‍): രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ്. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബിഹാറിലെ മുസാഫര്‍പുര്‍ പൊലീസ് കേസെടുത്തത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മുസാഫര്‍പുര്‍ പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓഝയാണ് കോടതിയെ സമീപിച്ചത്.

രാജ്യത്തിന്റെ പ്രതിച്ഛായ മോശപ്പെടുത്തി, പ്രധാനമന്ത്രിയുടെ മികച്ച പ്രകടനത്തെ വിലകുറച്ചു കണ്ടു, വിഘടനവാദികളെ പിന്തുണച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനു പ്രകോപനമുണ്ടാക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അടൂരിനെയും മണിരത്‌നത്തെയും ഗുഹയെയും കുടാതെ അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, ശുഭ മുദ്ഗല്‍, അപര്‍ണ സെന്‍ തുടങ്ങിയ 49 പേരാണ് കത്തില്‍ ഒപ്പുവച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയത്. 

ജയ് ശ്രീറാം വിളി കൊലവിളിയായി മാറിയിരിക്കുകയാണെന്ന് ഇവര്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവര്‍ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com