ആദ്യം വീണത് 26 അടി താഴ്ചയിലേക്ക്; രക്ഷാപ്രവര്‍ത്തനത്തിനിടെ അത് നൂറടിയായി; പ്രതീക്ഷയറ്റത് തിങ്കളാഴ്ച അര്‍ധരാത്രി

വിഫലമായത് നാലരദിവസത്തെ പരിശ്രമം - മൃതദേഹം പുറത്തെടുത്തത് കുഴല്‍ക്കിണറിലൂടെ 
ആദ്യം വീണത് 26 അടി താഴ്ചയിലേക്ക്; രക്ഷാപ്രവര്‍ത്തനത്തിനിടെ അത് നൂറടിയായി; പ്രതീക്ഷയറ്റത് തിങ്കളാഴ്ച അര്‍ധരാത്രി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത് മരിക്കാനിടയായത് രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കുഴല്‍ക്കിണറിലേക്ക് വീഴുമ്പോള്‍ കുട്ടി 26 അടി താഴ്ചയിലായിരുന്നു. പിന്നീട് രക്ഷാ പ്രവര്‍ത്തനത്തിനിടെ നൂറ് അടി താഴ്ചയിലേക്ക് വീണതോടെ കുട്ടിയെ രക്ഷിക്കാനുളള പ്രവര്‍ത്തനം ദുഷ്‌കരമാവുകയായിരുന്നു.  നാലരദിവസമാണ് കുട്ടിയെ പുറത്തെടുക്കാന്‍ നാട്ടുകാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും അഹോരാത്രം പ്രയത്‌നിച്ചത്. 

കുട്ടി വീണിടത്തേക്ക് എത്താനായി സമാന്തരമായി കുഴിച്ചപ്പോള്‍ പാറ കണ്ടത് ദൗത്യം നീളാന്‍ ഇടയാക്കി. ഇന്ന് രാവിലെ നാലേ നാല്‍പ്പത്തിയഞ്ചോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കുഴല്‍ക്കിണറിലൂടെ തന്നെയായിരുന്നു പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ  കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുഴല്‍ കിണറിന് സമാന്തരമായി തുരങ്കം നിര്‍മിക്കുന്നത് നിര്‍ത്തിവെച്ചതായും റവന്യു സെക്രട്ടറി അറിയിച്ചു. കുട്ടിയുടെ മൃതദേഹം മറ്റ് മാര്‍ഗങ്ങളില്‍ കൂടി പുറത്തെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com