'സ്റ്റാലിന്‍' എന്ന പേര് പൊല്ലാപ്പായി; മക്കള്‍ക്ക് തമിഴ് പേര് മതിയെന്ന് എംകെ സ്റ്റാലിന്‍

സ്റ്റാലിന്‍ എന്ന പേരുകാരണം ചെന്നയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
'സ്റ്റാലിന്‍' എന്ന പേര് പൊല്ലാപ്പായി; മക്കള്‍ക്ക് തമിഴ് പേര് മതിയെന്ന് എംകെ സ്റ്റാലിന്‍

ചെന്നൈ:  കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിന്റെ പേര് തനിക്ക് ഇട്ടതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചതായി ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. റഷ്യയില്‍ വച്ചാണ് പേര് കാരണം തനിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു എംകെ സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.

1989 ലാണ് സംഭവം. അന്ന് റഷ്യയിലെത്തിയപ്പോള്‍ പേര് കാരണം ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നെന്ന് എം.കെ.സ്റ്റാലിന്‍ പറയുന്നു. വിമാനത്താവളത്തില്‍ വച്ച് തന്നെ പിടിച്ചുനിര്‍ത്തി. പിന്നീട് നിരവധി ചോദ്യങ്ങളാണ് അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത്. പാസ്‌പോര്‍ട്ട് കാണിച്ച ശേഷമാണ് ഇതുണ്ടായതെന്നും സ്റ്റാലിന്‍ പറയുന്നു.

റഷ്യയിലേക്ക് പോയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞുനിര്‍ത്തി. പിന്നീട് പേര് ചോദിച്ചു. പേര് സ്റ്റാലിന്‍ എന്നാണെന്ന് പറഞ്ഞതോടെ എല്ലാവരും തന്നെ നോക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതിനിടെ വിമാനത്താവളത്തിലെ അധികൃതര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നും സ്റ്റാലിന്‍ പറഞ്ഞു. റഷ്യയില്‍ നിരവധി പേര്‍ സ്റ്റാലിനെ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്‍ എന്ന പേരുകാരണം ചെന്നയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ പഠിക്കാന്‍ അവസരം നല്‍കണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്ന് മാത്രമാണ് പ്രിന്‍സിപ്പല്‍ സഹോദരിയോട് ആവശ്യപ്പെട്ടത്. അത് സ്റ്റാലിന്‍ എന്ന പേര് മാറ്റണമെന്നതുമാത്രമായിരുന്നു. തമിഴുനാട്ടുകാര്‍ മക്കള്‍ തമിഴ് പേരിടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരിച്ചത് എം.കെ.സ്റ്റാലിന്‍ ജനിച്ച് നാല് ദിവസത്തിനു ശേഷമാണ്. ജോസഫ് സ്റ്റാലിന്റെ മരണത്തിനു ശേഷമുള്ള അനുശോചന യോഗത്തില്‍ വച്ചാണ് മകന് സ്റ്റാലിന്‍ എന്ന പേരിടുമെന്ന് എം.കരുണാനിധി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com