നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍

പെണ്‍കുട്ടിയെ ഹോസ്റ്റല്‍ കുളിമുറിയിലെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍

ലക്‌നൗ : നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ചിന്മയാനന്ദിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 

ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിയായ 23 കാരിയെ ചിന്മയാനന്ദ് പീഡിപ്പിച്ച വാര്‍ത്ത ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള കോളേജില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റല്‍ കുളിമുറിയിലെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നതായി പെണ്‍കുട്ടി ആരോപിച്ചിരുന്നു. 

പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് ലൈവിലൂടെ, ചിന്മയാനന്ദിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാതായത് ഏറെ വിവാദമായി. ഒടുവില്‍ ആഴ്ചകള്‍ക്ക് ശേഷം രാജസ്ഥാനില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. ഇതിനിടെ സംഭവത്തില്‍ സുപ്രിംകോടതി ഇടപെടുകയും, വിശദമായ അന്വേഷണത്തിന് യുപി പൊലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ പരാതികള്‍ സുപ്രിംകോടതി നേരിട്ട് കേള്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ചിന്മയാനന്ദിനെതിരായ തെളിവുകള്‍ പൊലീസിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുത്ത പൊലീസ് സംഘം ചിന്മയാനന്ദിന്റെ വീട് റെയ്ഡ് നടത്തുകയും ഏതാനും വസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com