ഹൈദരാബാദ് : തെലുങ്കു സൂപ്പര്‍താരം നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ നിന്നും അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ആറുമാസം പഴക്കമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
ഫാംഹൗസില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെത്തുടര്ന്ന് ഇവര്‍ ഫാംഹൗസ് തുറന്നു നോക്കിയപ്പോള്‍, മുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. ചക്കലി പാണ്ടു എന്ന യുവാവിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് താരം ഈ സ്ഥലം വാങ്ങിയത്. ഇവിടെ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരമെന്ന് കുടുംബം സൂചിപ്പിച്ചു. മൃതദേഹം കണ്ടെടുത്തതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ