അമരിന്ദര്‍ സിങ്ങിന് ഉപദേശകര്‍ പന്ത്രണ്ട്; ഖജനാവില്‍നിന്നു  ചെലവഴിക്കുന്നത് വര്‍ഷം എട്ടു കോടി

അമരിന്ദര്‍ സിങ്ങിന് ഉപദേശകര്‍ പന്ത്രണ്ട്; ഖജനാവില്‍നിന്നു  ചെലവഴിക്കുന്നത് വര്‍ഷം എട്ടു കോടി
അമരിന്ദര്‍ സിങ്/ ഫയല്‍ ചിത്രം
അമരിന്ദര്‍ സിങ്/ ഫയല്‍ ചിത്രം

ചണ്ഡിഗഢ്: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും പഞ്ചാബില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനുള്ളത് പന്ത്രണ്ട് ഉപദേശകര്‍. പ്രതിവര്‍ഷം എട്ടു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്കായി പൊതു ഖജനാവില്‍നിന്നു ചെലവഴിക്കുന്നത്.

പ്രതിഷേധ സ്വരം ഉയര്‍ത്തിയ ആറ് എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കാബിനറ്റ് പദവി നല്‍കി ഉപദേശകരായി നിയമിച്ചതോടെയാണ്, മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം ഡസനില്‍ എത്തിയത്. ഉപദേശകരില്‍ ഓരോരുത്തര്‍ക്കും അറുപതു ലക്ഷം രൂപയോളമാണ് ഖജനാവില്‍നിന്നു ചെലവഴിക്കേണ്ടിവരുന്നത്, വര്‍ഷത്തില്‍ ആകെ എട്ടു കോടിയോളം രൂപ.

ലഫ്. ജനറല്‍ (റിട്ട) ടിഎസ് ഷെര്‍ഗിലിനെ നേരത്തെ കാബിനറ്റ് പദവിയോടെ സീനിയര്‍ ഉപദേശകനായി നിയമിച്ചിരുന്നു. രവീണ്‍ തുക്രായിയെ മാധ്യമ ഉപദേശകനായും വികെ ഗാര്‍ഗിനെ ഫിനാന്‍ഷ്യല്‍ ഉപേദശനായും തുടക്കത്തില്‍ തന്നെ നിയമിച്ചു. ഇവര്‍ക്കു പുറമേ ഭരത് ഇന്ദര്‍ സിങ്ങും സഹമന്ത്രി പദവിയുള്ള ഉപദേശകരാണ്. 

ലഫ്. ജനറല്‍ (റിട്ട) ബിഎസ് ധരിവാല്‍ നേരത്തെ പ്രകാശ് സിങ് ബാദലിന്റെ സാങ്കേതിക ഉപദേശകനായിരുന്നു. അമരിന്ദര്‍ മുഖ്യമന്ത്രിയായപ്പോഴും ധരിവാലിനെ നിലനിര്‍ത്തി. റിട്ട. ഐജിപി ഖുബ്ലി രാം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേശകനാണ്. അഡീഷനല്‍ ഡിജിപി തസ്തികയിലാണ് നിയമനം.

ഇവര്‍ക്കു പുറമേ നാല് എംഎല്‍എമാരെ രാഷ്ട്രീയ ഉപദേശകരായാണ് നിയമിച്ചത്. രണ്ടു പേരെ പ്ലാനിങ് ഉപദേശകാരും. കുശാല്‍ദീപ് സിങ് ധില്ലന്‍, അമരിന്ദര്‍ രാജ വാറിങ്, സംഗത് സിങ് ഗ്ലിസിയന്‍ഇന്ദര്‍ബിര്‍ സിങ് ബൊലാരിയ എന്നിവരാണ് രാഷ്ട്രീയ ഉപദേശകര്‍. കുല്‍ജീത് സിങ് നാഗ്ര, തര്‍സെ സിങ് എന്നിവര്‍ പ്ലാനിങ് ഉപദേശകര്‍. 

കാബിനറ്റ് പദവിയുള്ള ഉപദേശകര്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം, സഹമന്ത്രി പദവിയിലുള്ളവര്‍ക്ക് ഒന്നര ലക്ഷം രൂപയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com