'ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല, ഒപ്പുവെച്ച ചിദംബരം ഇപ്പോഴും തടവില്‍'; വിമര്‍ശനവുമായി മന്‍മോഹന്‍സിങ്

തങ്ങളുടെ സഹപ്രവര്‍ത്തകന്‍ തടവില്‍ തന്നെ തുടരുന്നതില്‍ ആശങ്കയുണ്ടെന്നും പ്രസ്താവനയിലൂടെ മന്‍മോഹന്‍സിങ് പറഞ്ഞു
'ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല, ഒപ്പുവെച്ച ചിദംബരം ഇപ്പോഴും തടവില്‍'; വിമര്‍ശനവുമായി മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലാത്ത കേസില്‍ പി ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്ത പദ്ധതിയാണെന്നും അതില്‍ ഒപ്പുവെക്കുക മാത്രമാണ് ചിദംബരം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സഹപ്രവര്‍ത്തകന്‍ തടവില്‍ തന്നെ തുടരുന്നതില്‍ ആശങ്കയുണ്ടെന്നും പ്രസ്താവനയിലൂടെ മന്‍മോഹന്‍സിങ് പറഞ്ഞു. 

'ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ പി ചിദംബരം തടവില്‍ തന്നെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. നമ്മുടെ ഭരണ സംവിധാനത്തില്‍, ഒരാള്‍ക്ക് മാത്രമായി ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. ഫയലുകളില്‍ രേഖപ്പെടുത്തുന്ന സംയോജിത തീരുമാനങ്ങളാണ് എല്ലാം. ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്ത പദ്ധതിയാണത്. ഐകകണ്‌ഠേനയുള്ള ശുപാര്‍ശ മന്ത്രിയായിരുന്ന ചിദംബരം അംഗീകരിക്കുകയായിരുന്നു.  ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലായെങ്കില്‍, ശുപാര്‍ശയില്‍ വെറുതെ ഒപ്പുവയ്ക്കുക മാത്രം ചെയ്ത ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെ എന്നത് ധാരണാശക്തിക്കും അപ്പുറമുള്ള കാര്യമാണ്' അദ്ദേഹം പറയുന്നു. 

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ ചിദംബരം ഒരു മാസത്തില്‍ അധികമായി തടവില്‍ കഴിയുകയാണ്. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിന് എതിരായ കുറ്റം. ഇതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നാണ് കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com