ആഘോഷങ്ങളില്‍ പങ്കെടുക്കണോ ?; ആധാര്‍ കാര്‍ഡ് പരിശോധിച്ച് 'ഹിന്ദുത്വം' ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ സംഘടന

ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കാനാണ് നിര്‍ദേശം
ആഘോഷങ്ങളില്‍ പങ്കെടുക്കണോ ?; ആധാര്‍ കാര്‍ഡ് പരിശോധിച്ച് 'ഹിന്ദുത്വം' ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ സംഘടന

ഹൈദരാബാദ് : നവരാത്രി ആഘോഷങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയണമെന്ന് സംഘപരിവാര്‍ സംഘടന. ഇതിനായി ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തണമെന്ന് ബജ്‌റംഗദള്‍ ആവശ്യപ്പെട്ടു. നവരാത്രിയുടെ ഭാഗമായുള്ള ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. 
 
ബജ്‌റംഗദള്‍ മീഡിയ കണ്‍വീനര്‍ എസ് കൈലാഷാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഹിന്ദുവാണെന്ന് തെളിഞ്ഞാല്‍ മാത്രമേ അവരെ പരിപാടികളില്‍ പങ്കെടുപ്പിക്കാനോ സംഘാടകരാകാനോ അനുവദിക്കാവൂവെന്നും കൈലാഷ് ആവശ്യപ്പെട്ടു. 

ഹിന്ദുക്കളല്ലാത്തവരെ തിരിച്ചറിയുന്നതിനായി പരിപാടികളുടെ പ്രവേശന കവാടങ്ങളില്‍ ആധാര്‍ കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗര്‍ബ,ഡാണ്ടിയ പരിപാടി സംഘാടകര്‍ക്ക് ബജരംഗ് ദള്‍ കത്തുനല്‍കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹിന്ദു ആചാരങ്ങളോട് യാതൊരു ആദരവുമില്ലാതെ, അഹിന്ദു യുവാക്കള്‍ ആഘോഷപരിപാടികളില്‍ കടന്നുകയറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ഇവര്‍ പരിപാടിക്കെത്തുന്ന  സ്ത്രീകളോട് മോശമായി പെരുമാറുന്നു. ചോദിക്കാനെത്തുന്നവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. ഇനിയും ഇത്തരം പ്രവണതകള്‍ അനുവദിക്കാനാകില്ല. കൂടാതെ, ഇവന്റ് മാനേജ്‌മെന്റ് സംഘാടകര്‍ മുസ്ലീങ്ങളെ ജോലി ഏല്‍പ്പിക്കുന്നതും 'ക്രിമിനലുകള്‍ക്ക്' പരിപാടിയില്‍ എത്തിച്ചേരാന്‍ അവസരം ഒരുക്കുന്നുണ്ടെന്ന്  കൈലാഷ് വ്യക്തമാക്കുന്നു. 

ഇത്തവണ ആഘോഷപരിപാടി നടക്കുന്ന വേദികള്‍ക്ക് പുറത്ത് ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്യും. അഹിന്ദുക്കള്‍ പരിപാടിയില്‍ കടന്നുകയറുകയോ, അതിക്രമം നടത്തുകയോ ചെയ്താല്‍ കൈകാര്യം ചെയ്യുമെന്നും കൈലാഷ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com