ചരിത്ര ദൗത്യവുമായി ഐഎസ്ആർഒ ; പിഎസ്എൽവി– സി 45 വിക്ഷേപിച്ചു

ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി കുതിച്ചുയർന്നത്
ചരിത്ര ദൗത്യവുമായി ഐഎസ്ആർഒ ; പിഎസ്എൽവി– സി 45 വിക്ഷേപിച്ചു

ന്യഡൽഹി : ചരിത്രം കുറിച്ച് ഐഎസ്ആർഒ. പിഎസ്എൽവി– സി 45 വിക്ഷേപിച്ചു. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി കുതിച്ചുയർന്നത്. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണ് വിക്ഷേപണം. പിഎസ്എൽവിയുടെ 47–ാം ദൗത്യമാണ് ഇത്.

പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണ് വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് വിഭാഗത്തിൽപെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂർണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിർത്തി നിരീക്ഷണത്തിലും റഡാറുകളിൽ നിന്നുള്ള സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും.

മൂന്ന് ഭ്രമണപഥങ്ങളിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ ദൗത്യമാണ് സി45.  763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്എല്‍വി റോക്കറ്റ്, താഴ്ന്ന് 504 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ന്ന് മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കു വേണ്ടിയാണിത്.  

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളിൽ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡ‍ിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആർഐഎസ് എന്നിവയാണിവയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കൗടില്യ എന്ന പേരിൽ രഹസ്യമായായിരുന്നു എമിസാറ്റിന്റെ നിർമാണം. ഡിഫൻസ് ഇലക്ട്രോണിക് റിസർച്ച് ലാബിലായിരുന്നു നിർമാണം നടന്നത്. അതിർത്തികളിൽ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുത്ത് നൽകാനും കഴിയുന്ന എമിസാറ്റ് തീർത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സ്പെയിൻ അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതാണ് മറ്റ് ഉപ​ഗ്രഹങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com