മമതാ ബാനര്‍ജിയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം; അധികാര പരിധി ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത, ബിദാന്‍നഗര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം നാലുപേരെ കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു
മമതാ ബാനര്‍ജിയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം; അധികാര പരിധി ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ നാല് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് സംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മമത ബാനര്‍ജി അയച്ച കത്തിനുള്ള മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ജനപ്രാതിനിധ്യ നിയമത്തിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് മാത്രമേ കമ്മീഷന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും കത്തില്‍ പറയുന്നു.
പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ കമ്മീഷന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ രാഷ്ട്രീയം ആരോപിക്കരുതെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത, ബിദാന്‍നഗര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം നാലുപേരെ കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഇവരെ ഒഴിവാക്കിയുള്ള കമ്മീഷന്റെ ഉത്തരവിനെതിരെ മമത ബാനര്‍ജി രൂക്ഷമായി പ്രതികരിച്ചിരുന്നു. ബിജെപിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് കത്തില്‍ മമത ബാനര്‍ജി ആരോപിച്ചിരുന്നു. കമ്മീഷന്റെ നടപടിക്ക് ദിവസങ്ങള്‍ മുമ്പ് തന്നെ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇതിന് കാരണമായി മമതാ ബാനര്‍ജി ചൂണ്ടിക്കാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com