ഇത് പാലസ്തീന്‍ അല്ല, കശ്മീര്‍ ആണ്; ഞങ്ങളെ ഇങ്ങനെ അടിച്ചമര്‍ത്താം എന്ന് കരുതേണ്ടെന്ന് മെഹ്ബൂബ മുഫ്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 06:50 AM  |  

Last Updated: 08th April 2019 07:14 AM  |   A+A-   |  

express

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണത്തിലൂടെ കശ്മീരി ജനതയെ അടിച്ചമര്‍ത്താം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു-ശ്രീനഗര്‍ ദേശിയ പാതയില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ലംഘിക്കണം എന്ന് മെഹ്ബൂബ മുഫ്തി ജനങ്ങളോട് ആഹ്വാനം ചെയ്തു.ച 

ഗതാഗത നിരോധന ഉത്തരവ് ലംഘിച്ച്, നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് യാത്ര പോവണം എന്നാണ് ജനങ്ങളോട് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്. യാത്ര നിരോധനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

ഇത് പാലസ്തീന്‍ അല്ല, കശ്മീരാണ്. ഞങ്ങളുടെ പ്രിയപ്പെട്ട നാടിനെ തുറന്ന ജയിലാക്കുവാന്‍ അനുവദിക്കില്ലെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാരാമുള്ള മുതല്‍ ഉധംപൂര്‍ വരെയുള്ള 270 കിലോമീറ്റര്‍ ദേശീയ പാതയില്‍ യാത്ര നിരോധനം കൊണ്ടുവന്നത്. ഞായര്‍, ബുധന്‍ ദിവസങ്ങളിലെ ഇതുവഴിയുള്ള യാത്രയാണ് നിരോധിച്ചത്. സേനാ വാഹനങ്ങള്‍ സുഗമമായി കടന്നു പോവുന്നതിന് വേണ്ടിയാണ് ഇത്.