മതസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് എന്തു കാര്യം?: സുപ്രിം കോടതി

മത സ്ഥാപനങ്ങളുടെ ഭരണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടുന്നത് എന്തിനെന്നു മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
മതസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് എന്തു കാര്യം?: സുപ്രിം കോടതി

ന്യൂഡല്‍ഹി: മതേരമായ ഒരു രാജ്യത്ത് മതസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് എന്തു കാര്യമെന്ന് സുപ്രിം കോടതി. മത സ്ഥാപനങ്ങളുടെ ഭരണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടുന്നത് എന്തിനെന്നു മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലാണ് നിരീക്ഷണം.

പുരി ക്ഷേത്രത്തിലേക്കു പോവുന്ന പലരും അപമാനിക്കപ്പെടുകയും പ്രതികരിക്കാന്‍ പോലുമാവാതെ മടങ്ങുകയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ പുതിയ ക്യൂ സമ്പ്രദായം നടപ്പാക്കിയതിനെത്തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

മതസ്ഥാപനങ്ങളില്‍ ഏത് അളവു വരെ സര്‍ക്കാരിന് ഇടപെടാം എന്ന കാര്യം പരിശോധിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയോട് ആവശ്യപ്പെട്ടു. മെയ് പതിമൂന്നിനു നടക്കുന്ന അടുത്ത വാദത്തിനിടെ ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ അഭിഭാഷകര്‍ക്കു കോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡാണ് ഭരിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ 1930 മുതല്‍ ഹിന്ദു മത ധര്‍മ സ്ഥാപന ബോര്‍ഡ് ആണ് ക്ഷേത്ര നടത്തിപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com