ഏറ്റവും പ്രശ്‌നബാധിത മണ്ഡലം; 80000 സുരക്ഷാ ഉദ്യോഗസ്ഥര്‍, ബസ്തര്‍ പോളിങ് ബൂത്തിലേക്ക്

രാജ്യത്തെ ഏറ്റവും പ്രശ്‌നബാധിത ലോക്‌സഭ മണ്ഡലമാണ് ചത്തീസ്ഗഢിലെ ബസ്തര്‍. മണ്ഡലം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പ്രശ്‌നബാധിത മണ്ഡലം; 80000 സുരക്ഷാ ഉദ്യോഗസ്ഥര്‍, ബസ്തര്‍ പോളിങ് ബൂത്തിലേക്ക്

റായ്പുര്‍: രാജ്യത്തെ ഏറ്റവും പ്രശ്‌നബാധിത ലോക്‌സഭ മണ്ഡലമാണ് ചത്തീസ്ഗഢിലെ ബസ്തര്‍. മണ്ഡലം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ മുന്‍കാലങ്ങളിലേത് പോലെ അവര്‍ തെരഞ്ഞെടുപ്പ്  ബഹിഷ്‌കരിക്കാന്‍  ആഹ്വനം ചെയ്തിരിക്കുകയാണ്. അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കും എന്നുള്ള റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്.

ചത്തീസ്ഗഢില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമാണ് ബസ്തര്‍. മണ്ഡലത്തിന്റെ ഭാഗമായ ദന്തേവാഡയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു എംഎല്‍എയും നാല് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മണ്ഡലത്തില്‍ സുരക്ഷ ശക്തമമാക്കിയത്. 

ഏഴ് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നത്. 13,72,127 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ആകെയുള്ള 1,879 പോളിങ് ബൂത്തുകളില്‍ 741 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിതവും 606 എണ്ണം പ്രശ്‌നബാധിത ബൂത്തുകളുമാണ്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ 289 ബൂത്തുകല്‍ സുരക്ഷാ പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു. 159 അതീവ പ്രശ്‌നബാധിത ബൂത്തുകളിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് ജീവനക്കാരെ എത്തിച്ചത്. ആകെ 80000 സുരക്ഷാ ജീവനക്കാരെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത്.

മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഡ്രോണുകളെയും ഉപയോഗിക്കുന്നുണ്ട്. മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഇവരുടെ നീക്കങ്ങള്‍ അറിയാനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. മണ്ഡലത്തിന്റെ പല ഭാഗത്തും തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ലഘുലേഖകളും പതിപ്പിച്ചിട്ടുണ്ട്.  കോണ്‍ഗ്രസിന്റ യുവനേതാവ് ദീപക് ബാജിയും ബിജെപിയുടെ ബൈദുറാം കശ്യപും തമ്മിലാണ് പ്രധാന മത്സരം. 1998 ന് ശേഷം ബിജെപിയെ കൈവിടാത്ത മണ്ഡലമാണ് ബസ്തര്‍. ബിജെഡി,  ബിഎസ്പി, സിപിഐ എന്നീ കക്ഷികളും ഇത്തവണ മത്സര രംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com