ഒടുവില്‍ മുഖം രക്ഷിക്കാന്‍ ദൂരദര്‍ശന്‍; രാഹുല്‍ ഗാന്ധിയെ അഭിമുഖത്തിന് ക്ഷണിച്ച് കത്ത്

പക്ഷപാതപരമായി മാത്രം വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നതായുള്ള ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനൊരുങ്ങി ദൂരദര്‍ശന്‍ ചാനല്‍
ഒടുവില്‍ മുഖം രക്ഷിക്കാന്‍ ദൂരദര്‍ശന്‍; രാഹുല്‍ ഗാന്ധിയെ അഭിമുഖത്തിന് ക്ഷണിച്ച് കത്ത്

ന്യൂഡല്‍ഹി: പക്ഷപാതപരമായി മാത്രം വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നതായുള്ള ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനൊരുങ്ങി ദൂരദര്‍ശന്‍ ചാനല്‍. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിമുഖത്തിന് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസാര്‍ഭാരതി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കത്തയച്ചു. രാഷ്ട്രീയ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ സന്തുലിതത്വം പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നു. 

ഡിഡി ന്യൂസിനും രാജ്യസഭാ ടിവിക്കും വേണ്ടി രാഹുല്‍ ഗാന്ധിയുടെ അഭിമുഖം ആവശ്യപ്പെട്ട് പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശിശേഖര്‍ വെമ്പട്ടി ഈ മാസം നാലിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കത്തയച്ചത്. ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന അഭിമുഖത്തിന് ക്ഷണം. കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജെവാലയെ അഭിസംബോധന ചെയ്താണ് കത്ത്. എന്നാല്‍ അഭിമുഖത്തിനായുള്ള ക്ഷണം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ സമയവും സന്ദര്‍ഭവും അനുസരിച്ച് അഭിമുഖം നടത്താമെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ദൂരദര്‍ശന്‍ അടക്കമുള്ളവ ബിജെപി ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്നിന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 31ന് പ്രധാനമന്ത്രിയുടെ മെയ്ന്‍ ഭി ചൗക്കീദാര്‍ ഹന്‍ എന്ന പ്രചാരണ പരിപാടി ഒന്നര മണിക്കൂറോളം തത്സമയം സംപ്രേക്ഷണം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്. 

ഇക്കാര്യം പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംപ്രേഷണത്തില്‍ തുല്ല്യ പ്രാധാന്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താ വിനിമയ മാന്ത്രലയത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രാലയം പ്രസാര്‍ഭാരതി അധികാരികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ വിഷയം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പ്രസാര്‍ഭാരതി അഭിമുഖത്തിനായി രാഹുലിനെ ക്ഷണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com