ഇലക്ടറല്‍ ബോണ്ടിനു സ്‌റ്റേ ഇല്ല; പാര്‍ട്ടികള്‍ സംഭാവനയുടെ വിവരങ്ങള്‍ കമ്മിഷനെ അറിയിക്കണമെന്ന് സുപ്രിം കോടതി

മെയ് മുപ്പതിനകം വിവരങ്ങള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നി
ഇലക്ടറല്‍ ബോണ്ടിനു സ്‌റ്റേ ഇല്ല; പാര്‍ട്ടികള്‍ സംഭാവനയുടെ വിവരങ്ങള്‍ കമ്മിഷനെ അറിയിക്കണമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്ന് സുപ്രിം കോടതി. മെയ് മുപ്പതിനകം വിവരങ്ങള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല വിധി. ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.


ഇലക്ടറല്‍ ബോണ്ട്

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി 2017ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇലക്‌റല്‍ ബോണ്ട്. പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ക്കു കണക്കുണ്ടാക്കുക ആയിരുന്നു മുഖ്യ ലക്ഷ്യം. പാര്‍ട്ടികള്‍ക്കു പണമായി സ്വീകരിക്കാവുന്ന സംഭാവന രണ്ടായിരം രൂപയായി നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്.

പ്രോമിസറി നോട്ട് പോലെ ഉപയോഗിക്കാവുന്ന ഒരു 'സാമ്പത്തിക ഉപകരണ'മാണ് ഇലക്ടറല്‍ ബോണ്ട്. ഏത് ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍നിന്നു ഇതു വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ഇലക്ടറല്‍ ബോണ്ടിന്റെ മൂല്യം. ബാങ്കില്‍നിന്ന് ഈ ബോണ്ട് വാങ്ങി പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കാം. പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ വെരിഫൈ ചെയ്ത അക്കൗണ്ട് വഴി പതിനഞ്ചു ദിവസത്തിനകം ബോണ്ട് പണമാക്കി മാറ്റാം.

വിമര്‍ശനം

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കു വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നു ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമായി ഇലക്ടറല്‍ ബോണ്ട് മാറിയെന്നാണ് മുഖ്യ ആരോപണം. കള്ളപ്പണം തടയുക എന്ന ലക്ഷ്യം നേടാന്‍ ഒരുവിധത്തിലും ഇതു സഹായകമല്ല. ഷെല്‍ കമ്പനികള്‍ വഴി ബോണ്ടിലേക്ക് പണം വഴി മാറ്റുന്നതായും ഇടപാടു സുതാര്യമല്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. സംഭാവന ആരാണ് നല്‍കുന്നത് എന്നതു മറച്ചുവയ്ക്കുന്നു എന്നതും ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശനമുനയിലാക്കി.

ബോണ്ട് വഴിയുള്ള സംഭാവനയില്‍ നല്ലൊരു പങ്കും ബി ജെ പിക്കാണ് ലഭിച്ചത്. വളരെ കുറച്ച് കോണ്‍ഗ്രസിനും. മറ്റ് പാര്‍ട്ടികള്‍ക്ക് ബോണ്ട് വഴി പണമേ ലഭിക്കുന്നില്ല. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും സിപിഎമ്മുമാണ് ബോണ്ടിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. 

കമ്മിഷന്‍ നിലപാട്

ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന് എതിരല്ലെന്നും എന്നാല്‍ സുതാര്യതക്കുറവുണ്ടെന്നുമാണ് കമ്മിഷന്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തത്. പാര്‍ട്ടികള്‍ക്ക് ആരെല്ലാം സംഭാവന നല്‍കുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ഉള്ള സംഭാവനകള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിക്ക് പുറത്ത് ആയതിനാല്‍ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിലപാട്

ഇലക്ടറല്‍ ബോണ്ടുകള്‍ ഏര്‍പ്പെടുത്തിയത് നയപരമായ തീരുമാനം ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. നയപരം ആയ തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടാറില്ല. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കിയാല്‍ അവരെ എതിരാളികള്‍ വേട്ടയാടാനുള്ള സാധ്യത ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. പാര്‍ട്ടികള്‍ക്ക് ആരാണ് സംഭാവന നല്‍കുന്നത് എന്ന് ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും കേന്ദ്രം നിലപാടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com