പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബിജെപി സഖ്യം വിടാം, നിതീഷ് വാഗ്ദാനം നല്‍കിയതായി റാബ്രിയുടെ വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോറാണ് നിതീഷിന്റെ ദൂതനായി സമീപിച്ചതെന്നും റാബ്രി  പറഞ്ഞു
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബിജെപി സഖ്യം വിടാം, നിതീഷ് വാഗ്ദാനം നല്‍കിയതായി റാബ്രിയുടെ വെളിപ്പെടുത്തല്‍

പാട്‌ന : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരാന്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ സന്നദ്ധത അറിയിച്ചതായി വെളിപ്പെടുത്തല്‍. ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോറാണ് നിതീഷിന്റെ ദൂതനായി സമീപിച്ചതെന്നും റാബ്രി  പറഞ്ഞു. 

ജെഡിയു-ആര്‍ജെഡി സഖ്യം തകര്‍ന്ന ശേഷം അഞ്ചു തവണയാണ് പ്രശാന്ത് കിഷോര്‍ കാണാനെത്തിയതെന്നും റാബ്രി വെളിപ്പെടുത്തി. ലാലുവിനെ സന്ദര്‍ശിച്ച പ്രശാന്ത് കിഷോര്‍, ആര്‍ജെഡിയും ജെഡിയുവും ലയിച്ച് ഒന്നാകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതോടെ പാര്‍ട്ടി വന്‍ശക്തിയായി മാറുമെന്നും സൂചിപ്പിച്ചു. പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കണമെന്നും നിര്‍ദേശിച്ചുവെന്നും റാബ്രി പറഞ്ഞു. 

സര്‍ക്കുലര്‍ റോഡിലുള്ള തന്റെ വസതിയിലാണ് ഏറെ തവണ പ്രശാന്ത് കിഷോര്‍ വന്നത്. രണ്ട് തവണ തേജസ്വിയുടെ ബംഗ്ലാവിലും അദ്ദേഹം വന്നിരുന്നു. തന്റെ സ്റ്റാഫും സുരക്ഷാജീവനക്കാരും കൂടിക്കാഴ്ചയ്ക്ക് സാക്ഷികളാണെന്നും റാബ്രി പറഞ്ഞു. 2020 ല്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞതായി റാബ്രി വെളിപ്പെടുത്തി. ലാലുവിന്റെ പുതിയ പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ റാബ്രിയുടെ വെളിപ്പെടുത്തല്‍ പ്രശാന്ത് കിഷോര്‍ നിഷേധിച്ചു. റാബ്രിയുടേത് നട്ടാല്‍ കുരുക്കാത്ത നുണയാണ്. സര്‍ക്കാര്‍ ഓഫീസ് ദുരുപയോഗം ചെയ്യുകയും പൊതുഫണ്ട് അഴിമതി നടത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ സത്യത്തിന്റെ കാവല്‍ക്കാരനായി രംഗത്തു വന്നിരിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. ലയനത്തിനായി സമീപിച്ചു എന്ന ആരോപണത്തില്‍ ഒരുമിച്ച് മാധ്യമങ്ങളെ കാണാന്‍ ലാലു പ്രസാദ് യാദവ് തയ്യാറുണ്ടോ എന്നും പ്രശാന്ത് കിഷോര്‍ വെല്ലുവിളിച്ചു. 

2015 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മഹാസഖ്യം രൂപീകരിച്ച് ബീഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ 2017 ല്‍ മഹാസഖ്യം വിട്ട് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം തിരിച്ചുപോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com