റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോ നികുതിയിളവു നല്‍കി

ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയായി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോ നികുതിയിളവു നല്‍കി

പാരിസ്: റഫാല്‍ വിമാന ഇടപാടിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവുകള്‍ നല്‍കിയെന്നു റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതി ഇളവു ചെയ്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2015 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയിലാണ് നികുതി ഇളവു നല്‍കിയിക്കുന്നതെന്നും റഫാല്‍ ഇടപാടിന്റെ ചര്‍ച്ചകള്‍ നടന്ന സമയമാണ് ഇതെന്നും ഫ്രാന്‍സിലെ പ്രമുഖ മാധ്യമമായ ലെ മോണ്ടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഫഌഗ് അറ്റ്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവുകള്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജപ്തിഭീഷണിയില്‍ ആയിരുന്നു കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

റഫാല്‍ വിമാന ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍ജിഒ ഷെര്‍പ നാഷനല്‍ ഫിനാന്‍സ് ഓഫിസിന് പരാതി നല്‍കിയിട്ടുണ്ട്. 

റഫാല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ വന്‍ ക്രമക്കേടു നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിരോധ നിര്‍മാണ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാതിരിക്കെയാണ്, പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തത്. കടക്കെണിയിലായ റിലയന്‍സിനെ രക്ഷിക്കാനാണ് ഇതെന്നായിരുന്നു മുഖ്യ ആക്ഷേപം.

ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയായി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിഎംഒയ്ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നും റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡാസോയാണ് ഇന്ത്യന്‍ പങ്കാളിയെ നിശ്ചയിച്ചത് എന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com