മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം : ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍ 

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ  ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു
മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം : ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍ 


ന്യൂഡല്‍ഹി : മുസ്‌ലിം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍.

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ പറയുന്നു. 

പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ ള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. 

സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ല. ഖുറാന്‍ സ്ത്രീ-പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്. നിലവില്‍ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഉള്ളത്. പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com