ഹേമന്ത് കര്‍ക്കറെയുടെ മരണം എന്റെ ശാപം മൂലം: പ്രജ്ഞാ സിങ്
By സമകാലിക മലയാളം ഡെസ്ക് | Published: 19th April 2019 12:24 PM |
Last Updated: 19th April 2019 12:24 PM | A+A A- |

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്ന് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍.
''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്'' - പ്രജ്ഞാ സിങ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഗൂഢാലോചന മൂലമാണു തനിക്കു പത്തു വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നതെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ യുദ്ധമാണ് താന്‍ നയിക്കുന്നതെന്ന് പ്രജ്ഞാ സിങ് അവകാശപ്പെട്ടു.
ആറു പേര്‍ കൊല്ലപ്പെട്ട മാലേഗാവ് സ്‌ഫോടന കേസിലെ ഏഴു പ്രതികളില്‍ ഒരാളാണ് പ്രജ്ഞാ സിങ്. 2008ല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രജ്ഞയെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ ഈ നടപടി വിചാരണക്കോടതി റദ്ദാക്കി. സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് പ്രജ്ഞാ സിങ്ങിന്റെ മോട്ടോര്‍ സൈക്കിള്‍ ആണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെയാണ് പ്രജ്ഞ നേരിടുന്നത്.