2.51 കോടി ആസ്തി; കയ്യിലുള്ളത് 38,750 രൂപ: മോദിയുടെ സ്വത്ത് വിവര കണക്ക് ഇങ്ങനെ

2.51 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍
2.51 കോടി ആസ്തി; കയ്യിലുള്ളത് 38,750 രൂപ: മോദിയുടെ സ്വത്ത് വിവര കണക്ക് ഇങ്ങനെ

വാരാണസി: 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍. വാരാണാസിയില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി. 

1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016ല്‍ 19.23 ലക്ഷം, 2015ല്‍ 8.58 ലക്ഷം, 2014ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.

38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. എസ്ബിഐയില്‍ ഫിക്‌സഡ് നിക്ഷേപമായി 1.27 കോടി രൂപയുണ്ട്. കൂടാതെ 20000 രൂപയുടെ ബോണ്ടും എന്‍എസ്‌സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്. 

1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് അദ്ദേഹത്തിന് അവകാശപ്പെട്ടത്. ഇതിന് 1.10 കോടി രൂപ വില കണക്കാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബാധ്യതയോ ലോണുകളോ അദ്ദേഹത്തിന്റെ പേരിലില്ല. കൂടാതെ ഒരു ക്രിമിനല്‍ കേസും മോദിയുടെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com