370-ാം വകുപ്പ് റദ്ദാക്കി; കശ്മീരിനെ രണ്ടായി വിഭജിക്കും; രാജ്യസഭയില്‍ അമിത് ഷായുടെ പ്രഖ്യാപനം 

ഇതുസംബന്ധിച്ച നിയമനിര്‍മ്മാണ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു
370-ാം വകുപ്പ് റദ്ദാക്കി; കശ്മീരിനെ രണ്ടായി വിഭജിക്കും; രാജ്യസഭയില്‍ അമിത് ഷായുടെ പ്രഖ്യാപനം 
Updated on: 
1 min read

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനും  സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിയമനിര്‍മ്മാണ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. 370-ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍ നിയമനിര്‍മ്മാണ സഭയുളള കേന്ദ്രഭരണപ്രദേശമായി മാറ്റുമെന്നതാണ് നിര്‍ദേശം. ലഡാക്കിന് കേന്ദ്രഭരണപ്രദേശം എന്ന പദവി നല്‍കുമെങ്കിലും നിയമനിര്‍മ്മാണ സഭ ഉണ്ടായിരിക്കില്ല.


മുന്നൂറ്റി എഴുപതാം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിജ്ഞാപനം. 370ാം അനിച്ഛേദം മൂന്നാം വകുപ്പു പ്രകാരമുള്ള അധികാരം അനുസരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.

അംഗങ്ങളുടെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ താന്‍ തയാറാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് അല്‍പ്പനേരം തടസപ്പെട്ടെങ്കിലും രാജ്യസഭയില്‍ നടപടികള്‍ തുടരുകയാണ്.


ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്രഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ദുര്‍ഘടം പിടിച്ച മേഖലയായി കണക്കാക്കുന്ന ഇവിടം ജനസംഖ്യ കുറവാണ്. ഇവിടത്തെ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് കേന്ദ്രഭരണപ്രദേശമാക്കണമെന്നത്. ഇവരുടെ ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മ്മാണമെന്ന് അമിത് ഷാ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com