അധീര്‍ രഞ്ജന്റെ 'സെല്‍ഫ് ഗോള്‍'; പ്രതിരോധത്തിലായി കോണ്‍ഗ്രസ്, സോണിയയ്ക്ക് അതൃപ്തി

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നു സഭയില്‍ പ്രസംഗിച്ച അധീര്‍ രഞ്ജനെ സോണിയ ശാസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
അധീര്‍ രഞ്ജന്റെ 'സെല്‍ഫ് ഗോള്‍'; പ്രതിരോധത്തിലായി കോണ്‍ഗ്രസ്, സോണിയയ്ക്ക് അതൃപ്തി

ന്യൂഡല്‍ഹി: ലോക്‌സഭയിലെ കശ്മീര്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ വിവാദ പരാമര്‍ശത്തില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അതൃപ്തി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നു സഭയില്‍ പ്രസംഗിച്ച അധീര്‍ രഞ്ജനെ സോണിയ ശാസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീര്‍ പുനസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളയുന്നതിനുള്ള പ്രമേയവും അവതരിപ്പിക്കുമ്പോഴായിരുന്നു അധീര്‍ രഞ്ജന്റെ പരാമര്‍ശം. സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ചൗധരി എന്തടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് ചോദിച്ചു. 1948 മുതല്‍ യുഎന്‍ നിരീക്ഷണത്തിലുള്ള കശ്മീരിനെ വിഭജിച്ചുകൊണ്ട് എങ്ങനെയാണ് ബില്‍ കൊണ്ടുവരാനാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. സിംല കരാറിലും ലഹോര്‍ പ്രഖ്യാപനത്തിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഉഭയകക്ഷി വിഷയമായതിനാല്‍ കശ്മീരില്‍ ഇടപെടരുതെന്നാണ് അമേരിക്കയോട് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. ബില്‍ കൊണ്ടുവരാന്‍ കശ്മീര്‍ ആഭ്യന്തര കാര്യമാണോയെന്ന് സര്‍ക്കാര്‍ ്‌വ്യക്തമാക്കണമെന്നായിരുന്നു ചൗധരിയുടെ പ്രസംഗം.

ഷെയിം വിളികളോടെയാണ് ഭരണപക്ഷം ചൗധരിയുടെ പ്രസംഗത്തെ വരവേറ്റത്. കോണ്‍ഗ്രസ് നേതാവിനു മറുപടി പറഞ്ഞ അമിത് ഷാ കശ്മീര്‍ ഇന്ത്യയുടെ ആ്ഭ്യന്തര കാര്യം തന്നയാണെ്ന്നു വ്യക്തമാക്കി. കശ്മീര്‍ മാത്രമല്ല, പാക് അധീന കശ്മീരും അക്‌സായി ചിന്നും ഇന്ത്യയുടെ ഭാഗമാണെന്നും അതിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാറാണെന്നും ഷാ പറഞ്ഞു.

അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ, തൊട്ടടുത്തിരിക്കുന്ന സോണിയ അതൃപ്തിയോടെ പിന്നിലേക്കു നോക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പിന്‍നിരയില്‍ ഇരുന്ന രാഹുല്‍ ഗാന്ധിയുടെ അതൃപ്തിയോടെയാണ് പരാമര്‍ര്‍ശത്തോടു പ്രതികരിച്ചത്. 

ചൗധരിയുടെ പരാമര്‍ശങ്ങള്‍ സഭയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലാണ് സോണിയയ്ക്കും രാഹുലിനും ഉളളത്. ഇത് ഇവര്‍ ചൗധരിയോടു വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ചൗധരിയുടെ പ്രസംഗത്തിനു ശേഷമാണ്, കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com