കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ തടഞ്ഞു
കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ഗുലാം നബി ആസാദിനെ സുരക്ഷാ സേന തടഞ്ഞത്. കോണ്‍ഗ്രസ് കശ്മീര്‍ സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറും ഒപ്പമുണ്ടായിരുന്നു.

കശ്മീറിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കി കൊണ്ടുളള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നത്. ഇതോടെ കശ്മീരില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുകയാണ്.

നിലവില്‍ മുന്‍കരുതലിന്റെ ഭാഗമായി 400 പേരെ സുരക്ഷാ സേന കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും ഇതില്‍ ഉള്‍പ്പെടുന്നു. നേതാക്കളെ കസ്റ്റഡില്‍ വച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്താനാണ് താന്‍ കശ്മീരിലേക്ക് പോകുന്നതെന്ന് ഗുലാം നബി ആസാദ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കശ്മീരിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊളളാനാണ് താന്‍ കശ്മീരിലേക്ക് പോകുന്നത്. ആദ്യമായാണ് സംസ്ഥാനത്തെ 22 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് ഇത് കേട്ടിട്ടുണ്ടോ എന്ന് ഗുലാം നബി ആസാദ് ചോദിച്ചു.കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഗുലാം നബി ആസാദിനെ സുരക്ഷാ സേന തടയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഇന്നലെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കശ്മീര്‍ താഴ് വരയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം. നാട്ടുകാരുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിന് ശേഷമാണ് ഡോവല്‍ മടങ്ങിയത്. 

അടച്ചിട്ട കടകള്‍ക്ക് മുന്നിലൂടെ ഡിജിപി ദില്‍ബാഗ് സിങ്ങിനൊപ്പം നടന്ന അദ്ദേഹം നാട്ടുകാരുമായും പൊലീസുകാരുമായും സംസാരിച്ചു. തുടര്‍ന്ന് വഴിയോരക്കടയില്‍ നിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിക്കഴിച്ചു. നാട്ടുകാര്‍ക്കൊപ്പം നിന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിങ്ങളുടെ നല്ലതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. എല്ലാ ശരിയാകും. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കും. നിങ്ങളുടെ മക്കളും അവരുടെ മക്കളും ഈ താഴ് വരയില്‍ താമസിക്കും. നിങ്ങളുടെ സുരക്ഷയും നല്ലതുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.' ഡോവല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com