പ്രായമൊക്കെ വെറും നമ്പര്‍ ; ആയുധധാരികളായ കള്ളന്മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികള്‍ ( വീഡിയോ)

72കാരനായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ചത്
പ്രായമൊക്കെ വെറും നമ്പര്‍ ; ആയുധധാരികളായ കള്ളന്മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികള്‍ ( വീഡിയോ)

ചെന്നൈ : മനോധൈര്യമുണ്ടെങ്കില്‍ ഏത് കൊള്ളക്കാരെ നേരിടാനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തമിഴ്‌നാട്ടിലെ ഈ വൃദ്ധ ദമ്പതികള്‍. 72കാരനായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

തമിഴ്‌നാട്ടിലെ കടയത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് ഷണ്‍മുഖവേലിന്റെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചത്. രാത്രി 10 മണിയോടെ വീടിനു പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലിനെ പിന്നില്‍ നിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഷണ്‍മുഖത്തിന്റെ കഴുത്തില്‍ തുണിയിട്ട് മുറുക്കി. 

ബഹളം കേട്ട് പുറത്തെത്തിയ ഷണ്‍മുഖവേലിന്റെ ഭാര്യ സെന്താമരൈ ഉടന്‍ തന്നെ കയ്യില്‍കിട്ടിയതെല്ലാം കള്ളന്മാര്‍ക്ക് നേരെ എറിഞ്ഞ് പ്രത്യാക്രമണം തുടങ്ങി. ഇതോടെ ഷണ്‍മുഖവേലിനെ വിട്ട് കള്ളന്മാര്‍ തിരിച്ച് ആക്രണത്തിന് തയ്യാറായി. ഇതോടെ സ്വതന്ത്രനായ ഷണ്‍മുഖവേലും കസേരയും അടക്കം സാധനങ്ങള്‍ എടുത്തെറിഞ്ഞ് കള്ളന്മാരെ നേരിട്ടു. 

ഇവരുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കള്ളന്മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഫാമിനോട് ചേര്‍ന്നുള്ള ഷണ്‍മുഖവേലിന്റെ വീട്ടില്‍ 14 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത് കള്ളന്‍മാരുമായുണ്ടായ ഏറ്റുമുട്ടലിനിടയില്‍ സെന്താമരൈയുടെ വലതു കൈക്ക് പരിക്കേല്‍ക്കുകയും സ്വര്‍ണ്ണമാല നഷ്ടപ്പെടുകയും ചെയ്തു. സംഭവത്തില്‍ കടയം പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com