'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം; ഒരു വര്‍ഷത്തിന് ശേഷം ശശി തരൂരിന് അറസ്റ്റ് വാറണ്ട്

അഭിഭാഷകനായ സുമീത് ചൗധരി ഫയല്‍ ചെയ്ത കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം; ഒരു വര്‍ഷത്തിന് ശേഷം ശശി തരൂരിന് അറസ്റ്റ് വാറണ്ട്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് എംപി ശശി തരൂരിന് അറസ്റ്റ് വാറണ്ട്. തരൂര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിന്റെ പേരിലാണ് കൊല്‍ക്കത്തയിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. അഭിഭാഷകനായ സുമീത് ചൗധരി ഫയല്‍ ചെയ്ത കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഹിന്ദു പാകിസ്ഥാന്‍ രൂപവത്കരണത്തിന് സഹായകമായ സാഹചര്യമാണ് രൂപപ്പെടുന്നതെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തരൂര്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ ഭരണഘടന ഭേദഗതി ചെയ്യുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാനിക്കപ്പെടാത്ത പാകിസ്ഥാന്‍ പോലെയുള്ള ഒരു രാജ്യത്തിലേതിന് സമാനമായ സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയും ചെയ്യുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

ബിജെപി ഹിന്ദു രാഷ്ട്രത്തില്‍ അധിഷ്ഠിതമായ പുതിയ ഭരണഘടന കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന തുല്യത ഇല്ലാതാവുന്നതോടെ ഹിന്ദു പാകിസ്ഥാന്‍ രൂപവത്കരിക്കപ്പെടുമെന്നും മഹാത്മാഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും അടക്കമുള്ള വീരനായകര്‍ പോരാട്ടം നടത്തിയത് അതിനു വേണ്ടി ആയിരുന്നില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com