എന്തു തരം ഹര്‍ജിയാണിത്? കശ്മീര്‍ വിഷയത്തില്‍ ഹര്‍ജിക്കാരനെ വിമര്‍ശിച്ച് സുപ്രിം കോടതി

ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പിഴവുണ്ടെന്ന് സുപ്രിം കോടതി
എന്തു തരം ഹര്‍ജിയാണിത്? കശ്മീര്‍ വിഷയത്തില്‍ ഹര്‍ജിക്കാരനെ വിമര്‍ശിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പിഴവുണ്ടെന്ന് സുപ്രിം കോടതി. വ്യക്തതയില്ലാത്ത ഹര്‍ജി നല്‍കിയതിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു.

അര മണിക്കൂര്‍ സമയമെടുത്തു വായിച്ചിട്ടും ഹര്‍ജി എന്താണെന്നു മനസിലായില്ലെന്ന്, ഹര്‍ജിക്കാരനായ എംഎല്‍ ശര്‍മയോടു ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ഹര്‍ജി എന്താണ്? എന്തു തരത്തിലുള്ളതാണിത്? ഇത്തരമൊരു ഹര്‍ജി പരിഗണിക്കാനാവില്ല'' ;ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ഹര്‍ജി തള്ളേണ്ടതാണെന്നും എന്നാല്‍ ഇതിനൊപ്പമുള്ള മറ്റു ഹര്‍ജികള്‍ കണക്കിലെടുത്ത് അതു ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹര്‍ജികള്‍ പിഴവുകള്‍ തീര്‍ത്ത് വീണ്ടും സമര്‍പ്പിക്കാമെന്ന് എംഎല്‍ ശര്‍മ കോടതിയെ അറിയിച്ചു. 

ജമ്മു കശ്മീരിനെപ്പോലെ ഗൗരവ സ്വഭാവമുള്ള ഒരു വിഷയത്തില്‍ അപാകതയുള്ള ഹര്ജികള്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആറു ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്നാണ് രജിസ്ട്രിയില്‍നിന്ന് അറിയുന്നത്. അതില്‍ പലതും പിഴവുകളുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചു. സ്ഥിതിഗതികള്‍ നിത്യേന നിരീക്ഷിച്ചുവരികയാണെന്നും ഏതാനും ദിവസത്തിനകം സാധാരണ നില പുനസ്ഥാപിക്കാനാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സാധാരണ നില പുനസ്ഥാപിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ ഇന്നു വൈകുന്നേരത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാവുമെന്നത് ചീഫ് ജസ്റ്റിസ് പറഞ്ഞു. ലാന്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും, ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com