400 പേര്‍ക്ക് രണ്ട് ടോയ്‌ലറ്റ് !; മന്ത്രിയോടും ഉദ്യോഗസ്ഥരോടും പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

എന്തുകൊണ്ടാണിത് ?, സര്‍ക്കാര്‍ ചേരി വികസനത്തിന് അനുവദിക്കുന്ന പണം എവിടെ പോകുന്നു ?
400 പേര്‍ക്ക് രണ്ട് ടോയ്‌ലറ്റ് !; മന്ത്രിയോടും ഉദ്യോഗസ്ഥരോടും പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി വെല്ലുവിളിയെ നേരിടുക ലക്ഷ്യമിട്ട് ഗ്രാമീണ മേഖലകളിലേക്കും ചേരികളിലേക്കും നേരിട്ട് ഇറങ്ങിച്ചെന്ന് പ്രശ്‌നപരിഹാരത്തിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. ഹൗറയിലെ ചേരിയില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി, ചേരിനിവാസികളുടെ ജീവിതദുരിതങ്ങള്‍ നേരിട്ടുകണ്ടപ്പോള്‍ മന്ത്രിയോടും ഉദ്യോഗസ്ഥരോടും പൊട്ടിത്തെറിച്ചു. 

പുരാനബസ്തിയിലെ 29-ാം വാര്‍ഡിലാണ് മമത സന്ദര്‍ശനത്തിനെത്തിയത്.  400 പേര്‍ താമസിക്കുന്ന ഈ ചേരിയില്‍ ആകെയുള്ളത് രണ്ട് ശുചിമുറികള്‍ മാത്രം. വിവരം അറിഞ്ഞ മമത അമ്പരന്നു. ഉടന്‍തന്നെ നഗരവികസന, മുനിസിപ്പല്‍കാര്യമന്ത്രി ഫര്‍ഹാദ് ഹക്കിമിനെയും ഉദ്യോഗസ്ഥരെയും വിളിച്ചു. 

ഞാന്‍ ബസ്തി മേഖലയില്‍ സന്ദര്‍ശനം നടത്തി. ഇവിടെ 400 പേര്‍ക്ക് രണ്ട് ശുചിമുറിയും ബാത്ത് റൂമുമാണ് ഉള്ളത്. എന്തുകൊണ്ടാണിത് ?, സര്‍ക്കാര്‍ ചേരി വികസനത്തിന് അനുവദിക്കുന്ന പണം എവിടെ പോകുന്നു ? ആരാണ് ഇവിടത്തെ കൗണ്‍സിലര്‍ ? എന്താണ് അയാള്‍ ചെയ്യുന്നത്?  മുഖ്യമന്ത്രി മന്ത്രി ഹക്കിമിനോട് ചോദിച്ചു. 

കൗണ്‍സിലര്‍ കൊലപാതകക്കേസില്‍പ്പെട്ട് 2017 ജൂണ്‍ മുതല്‍ ജയിലിലാണെന്ന് ചിലര്‍ അറിയിച്ചു. കൗണ്‍സിലര്‍ ജയിലിലാണെങ്കില്‍, ഇവിടെ മുനിസിപ്പാലിറ്റിയില്ലേ, അതിന് ഭരണകര്‍ത്താക്കളില്ലേ, അവരെന്തുകൊണ്ട് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ല. ഏഴുദിവസത്തിനകം മുഴുവന്‍ ചേരികളും സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍്ട്ട് നല്‍കാന്‍ മുഖ്യമന്ത്രി മന്ത്രി ഹക്കിമിനോട് ആവശ്യപ്പെട്ടു. 

ചേരി നിവാസികള്‍ക്കായി എട്ടുപത്തു ടോയ്‌ലറ്റുകളെങ്കിലും നിര്‍മ്മിക്കുന്നതിന് എന്താണ് തടസ്സമെന്ന് മുനിസിപ്പല്‍ അധികൃതരോടും മുഖ്യമന്ത്രി ചോദിച്ചു. 400 പേര്‍ക്ക് രണ്ട് ടോയ്‌ലറ്റ്. നിങ്ങളുടെ വീട്ടിലാണ് ഈ സാഹചര്യമെങ്കില്‍ ചിന്തിക്കാനാകുമോ ? മുഖ്യമന്ത്രി ക്ഷുഭിതയായി. 
എത്രയും വേഗം ടോയ്‌ലറ്റ് നിര്‍മ്മിക്കാനും മമത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 

പത്രമാധ്യമപ്രവര്‍ത്തകരെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രിയുടെ ചേരി, ഗ്രാമീണ സന്ദര്‍ശനങ്ങള്‍. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച ഏതുവിധേനയും ചെറുക്കാനുള്ള തീവ്രശ്രമത്തിലാണ് മമത ബാനര്‍ജി. ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നത് തടയാന്‍ പിആര്‍ വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശമനുസരിച്ച് മമതാ ബാനര്‍ജിയുടെ പുതിയ നീക്കം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com