ചന്ദ്രയാന്‍ ചാന്ദ്രഭ്രമണപഥത്തില്‍; ചരിത്രനേട്ടവുമായി ഇന്ത്യ

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് പേടകം ഭ്രമണപഥത്തിലെത്തുന്നത്
ചന്ദ്രയാന്‍ ചാന്ദ്രഭ്രമണപഥത്തില്‍; ചരിത്രനേട്ടവുമായി ഇന്ത്യ

ന്യൂഡല്‍ഹി:  ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് പേടകം ഭ്രമണപഥത്തിലെത്തുന്നത്.  രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. ജൂലായ് 22 നാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐ. എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്‌സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കില്‍ നിന്നാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com