'വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണം രാജ്യത്തിന്റെ അന്തസിനെ കെടുത്തുന്നു'; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2019 11:01 PM  |  

Last Updated: 20th August 2019 11:01 PM  |   A+A-   |  

manmohansing

 

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. അസഹിഷ്ണുതയും വര്‍ഗീയ ധ്രൂവീകരണവും രാജ്യത്തിന്റെ അന്തസിനെ കെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്‍മ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. 

അസഹിഷ്ണുതയുടെ അസ്വസ്ഥതപ്പെടുത്തുന്ന പ്രവണതകള്‍ വര്‍ധിച്ചു വരികയാണ്. ഒരു മത വിഭാഗങ്ങളും വെറുപ്പിനെയും അസഹിഷ്ണുതയേയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്തരികമായും ബാഹ്യമായും മതസ്പര്‍ധ വളര്‍ത്തി അക്രമങ്ങള്‍ അഴിച്ചു വിട്ടും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഈ പ്രവണതയെ എങ്ങനെയൊക്കെ ചെറുത്തു പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഓരോരുത്തരും പ്രതിഫലിപ്പിക്കേണ്ട സമയമാണിത്. അസഹിഷ്ണുതയുടേയും ആള്‍ക്കൂട്ടങ്ങളുടെ ആക്രമണങ്ങളും സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജീവ് ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയ വഴികളിലൂടെ നമ്മുടെ യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും മുകളിലായി മറ്റൊന്നുമില്ല. ഇന്ത്യയെ ഭിന്നിപ്പിക്കാനാകില്ല. നമ്മുടെ രാജ്യത്തിന്റെ അന്തസ് തന്നെ മതേതരത്വമാണ്. അത് സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഒരു മതവും വര്‍ഗീയത പഠിപ്പിക്കുന്നില്ലെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.