ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉപ്പ്; വിവാദം, നടപടി (വീഡിയോ) 

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചപ്പാത്തിയൊടൊപ്പം ഉപ്പ് നല്‍കിയത്
ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉപ്പ്; വിവാദം, നടപടി (വീഡിയോ) 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചപ്പാത്തിയൊടൊപ്പം ഉപ്പ് നല്‍കിയത്. സംഭവം വിവാദമയതിന് പിന്നാലെ സ്‌കൂളിലെ പ്രഥമ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

മിര്‍സാപുരിലെ സ്‌കൂളില്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ ഉപ്പ് കൂട്ടി വിദ്യാര്‍ത്ഥികള്‍ ചപ്പാത്തി കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. 

എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. അപൂര്‍വമായി പാല്‍ വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്നും പരാതിയുണ്ട്. 

സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെതിരെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തതായും ഉന്നത സര്‍ക്കാരുദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാളിലിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം ഉപ്പ് വിളമ്പുന്ന വിവാദ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com