ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയെന്ന് യുപി പൊലീസ് ; രണ്ടര മണിക്കൂറിനകം ഹാജരാക്കണമെന്ന് സുപ്രിംകോടതി

മുന്‍കേന്ദ്രമന്ത്രി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച 23 കാരിയായ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു
ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയെന്ന് യുപി പൊലീസ് ; രണ്ടര മണിക്കൂറിനകം ഹാജരാക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് ശേഷം കാണാതായ നിയമവിദ്യാര്‍ത്ഥിനിയെ രാജസ്ഥാനില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച 23 കാരിയായ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. 

ചിന്മയാനന്ദിനെതിരെ കഴിഞ്ഞ ശനിയാഴ്ച ഫെയ്‌സ്ബുക്കില്‍ വീഡിയോയിലൂടെ ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു. ഷാജഹാന്‍പൂര്‍ സ്വദേശിയായ യുവതിയാണ് ബിജെപിയിലെ കരുത്തനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ബിജെപിയുടെ വലിയ നേതാവായ സന്ത് സമാജ് നിരവധി പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചത്. ഇദ്ദേഹത്തില്‍ നിന്നും തനിക്കും ഭീഷണിയുണ്ടെന്നും, കൊലപ്പെടുമെന്ന് ഭയമുണ്ടെന്നും വീഡിയോയില്‍ വിദ്യാര്‍ത്ഥിനി വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാതായതോടെ, ബിജെപി നേതാവിന്റെ ഗുണ്ടകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി വിദ്യാര്‍ത്ഥിനിയുടെ കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം രാജസ്ഥാനില്‍ വെച്ച് കണ്ടെത്തുകയായിരുന്നുവെന്നാണ് യുപി ഡിജിപി ഒ പി സിങ് അറിയിച്ചത്. 

അതിനിടെ, വിദ്യാര്‍ത്ഥിനിയെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്ന് യുപി പൊലീസിനോട് സുപ്രിംകോടതി ചോദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ രണ്ടര മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുമായി ജഡ്ജിമാര്‍ സ്വകാര്യമായി സംസാരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. 

യുപിയിലെ ഷാജഹാന്‍പൂരിയില്‍ ചിന്മയാനന്ദ് ട്രസ്റ്റ് നടത്തുന്ന കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ആരോപണവുമായി രംഗത്തുവന്നത്. വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. മൂന്നുതവണ പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട് ചിന്മയാനന്ദ്. അതേസമയം ബിജെപി നേതാവിനെ ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടുക എന്ന ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. 72 കാരനായ ചിന്മയാനന്ദിനെതിരെ, 2011 ല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെ താമസക്കാരിയായ സ്ത്രീയും ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com