ലിഫ്റ്റ് വാഗ്ദാനം നല്‍കി, വിശ്വാസത്തിന് പൊലീസ് ഐഡി കാര്‍ഡ് കാണിച്ചു; ക്വര്‍ട്ടേഴ്‌സില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ കൂട്ടബലാത്സംഗം, മുന്‍ കോണ്‍സ്റ്റബിള്‍ അടക്കം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2019 11:19 AM  |  

Last Updated: 03rd December 2019 11:19 AM  |   A+A-   |  

 

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുന്‍ പൊലീസുകാരന്‍ അടക്കമുളളവര്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു. ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ആളാണ് പ്രതിയായ പൊലീസുകാരന്‍. ഭാര്യ മാതാവിന് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചതിനും രണ്ടാം ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനും ഇയാളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. മെലഡി പാര്‍ട്ടിയിലാണ് പെണ്‍കുട്ടി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ സേഥിയും സംഘവും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പൊലീസ് ക്വര്‍ട്ടേഴ്‌സില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. ആക്രമണത്തിനിടെ പെണ്‍കുട്ടി അക്രമികളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഇതിന് പുറമേ ജിതേന്ദ്ര സേഥിയുടെ തിരിച്ചറിയല്‍ കാര്‍ഡും പെണ്‍കുട്ടി പിടിച്ചെടുത്തു. ഇത് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായതായി പൊലീസ് പറയുന്നു. പീഡനത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട വേളയില്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഭക്ഷണം കഴിക്കുന്നതിനായി പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. തിരിച്ച് ആ ബസില്‍ തന്നെ യാത്ര പുറപ്പെടാമെന്ന വിശ്വാസത്തിലായിരുന്നു ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയത്. എന്നാല്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ബസ് സ്റ്റാന്‍ഡ് വിട്ടുപോയി. തുടര്‍ന്ന് മറ്റൊരു ബസിനായി കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി.ഈസമയത്ത് കാറില്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം എത്തിയ സേഥി പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം നല്‍കി. പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുന്നതിന് തന്റെ പൊലീസ് ഐഡി കാര്‍ഡ് സേഥി കാണിച്ചതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് ക്വര്‍ട്ടേഴ്‌സില്‍ എത്തിച്ച് പെണ്‍കുട്ടിയെ സേഥിയും സംഘവും കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. സേഥിയുടെ ഭാര്യയും പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്. ആക്രമണം നടക്കുന്നതിന് മുന്‍പ് മകനെ വീട്ടില്‍ നിര്‍ത്തി സേഥിയുടെ ഭാര്യ ഡ്യൂട്ടിക്കായി പോയിരുന്നു.  ആക്രമണം നടക്കുന്ന സമയത്ത് സേഥിയുടെ മകന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് പുറത്തുവരാതിരിക്കാന്‍ മകന്റെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു ആക്രമണം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം സേഥിയും സംഘവും മടങ്ങി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോക്‌സോ വകുപ്പ് അനുസരിച്ച് നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തില്‍ പ്രതിഷേധം കത്തുകയാണ്.