ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യും: അമിത് ഷാ

ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം
ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യും: അമിത് ഷാ

പുനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. പുനെയില്‍ ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന് ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്ന് അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തവിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം ആരാഞ്ഞത്. ഇതിന് പുറമേ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതിക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

2012 ല്‍ നടന്ന നിര്‍ഭയ സംഭവത്തില്‍ പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് അടക്കമുള്ളവ രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓള്‍ ഇന്ത്യന്‍ പൊലീസ് യൂണിവേഴ്‌സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ ആഭ്യന്തരമന്ത്രി യോഗത്തില്‍ പ്രശംസിച്ചു. വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവര്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ യോഗത്തിലാണ് അമിത് ഷായും പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com